ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം. സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. രണ്ടാഴ്ചത്തേയ്ക്കാണ് അറസ്റ്റ് തടഞ്ഞത്. പരാതി നല്‍കാനുള്ള കാലതാമസം പരിഗണിച്ചാണ് സുപ്രീകോടതിയുടെ നടപടി. അന്വേഷണത്തോട് സിദ്ദിഖ് സഹകരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. വിചാരണക്കോടതി മുന്നോട്ടുവെയ്ക്കുന്ന ഉപാധികള്‍ സിദ്ദിഖ് പാലിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. സംസ്ഥാനം എട്ട് വര്‍ഷമായി എന്ത് ചെയ്യുകയായിരുന്നു എന്നും കോടതി ചോദിച്ചു. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
അതേ സമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന സാഹചര്യത്തിലാണ് പരാതി ഇപ്പോൾ നൽകിയതെന്ന് സംസ്ഥാനവും അതിജീവിതയും വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടക്കുന്നെന്ന് കോടതി പറഞ്ഞു. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കാൻ കോടതി നിർദേശം നൽകി. സിനിമയില്‍ മാത്രമല്ല ഇതൊക്കെ നടക്കുന്നതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരായത്. സിദ്ദിഖിന്റെ മകനും നടനുമായ ഷഹീനും കോടതിയില്‍ എത്തിയിരുന്നു.