സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കങ്കുവ’. വൻ ബജറ്റിൽ, വലിയ ഹൈപ്പിൽ വരുന്ന സിനിമയുടെ മേൽ കേരളത്തിലെ പ്രേക്ഷകർക്കും വലിയ പ്രതീക്ഷയാണുള്ളത്. അത് വരച്ചുകാട്ടുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ സിനിമയെക്കുറിച്ച് വരുന്നത്.
കേരളത്തിൽ 500 ൽ അധികം സ്‌ക്രീനുകളായിലാണ് സിനിമ റിലീസ് ചെയ്യുക. അതിനൊപ്പം 100 ൽ അധികം ഫാൻസ് ഷോകളും സിനിമയ്ക്ക് ഉണ്ടാകുമെന്നാണ് സൂചന. ഇത് ഒരു സൂര്യ ചിത്രത്തെ സംബന്ധിച്ച് റെക്കോർഡാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.
നവംബർ 14 നാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. കേരളത്തിന് പുറമെ കർണാടക, ആന്ധ്രാപ്രദേശ്, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലും സിനിമയ്ക്ക് വലിയ സ്ക്രീൻ കൗണ്ട് തന്നെയാണ് ലഭിച്ചിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീനിൻറെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശിവയ്‌ക്കൊപ്പം ആദി നാരായണയും മദൻ ഗാർഗിയും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.