പാർസൽ വാഹനവും, ഡ്രൈവറെയും തട്ടികൊണ്ടു പോയ കേസ്; രണ്ട് പേർ അറസ്റ്റിൽ

മണ്ണാർക്കാട്:  കുഴൽപ്പണം ലക്ഷ്യമാക്കി കാസർകോട് നിന്ന് വരികയായിരുന്ന പാർസൽ  സർവീസ് വാഹനം തടഞ്ഞ് ഡ്രൈവറെ അടക്കം തട്ടികൊണ്ടുപോയി ആക്രമിച്ചകേസിൽ രണ്ട് അന്തർ സംസ്ഥാന കുഴൽപണ തട്ടിപ്പുകാർ അറസ്റ്റിൽ. പാലക്കാട് മൈലംപുള്ളി സ്വദേശികളായ ടൈറ്റസ് ജോർജ്, ബിനോയ് എന്നിവരെയാണ് കല്ലടിക്കോട് പൊലീസ് പിടികൂടിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. 

കഴിഞ്ഞമാസം നാലിന് ചുരിയോട് പാലത്തിന് സമീപം പുലർച്ചെയായിരുന്നു ആക്രമണം. കാസര്‍ഗോഡ് നിന്നും  പാർസൽ സർവീസുമായി എത്തിയ വാഹനത്തിന് നേരെയായിരുന്നു ആക്രമണം. മൂന്ന് കാറിലായി വന്നവർ വാഹനം തടഞ്ഞ് വാഹനവും ഡ്രൈവറെയും കടത്തി കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. വാഹനത്തിൽ കുഴൽപ്പണമാണെന്ന് കരുതിയായിരുന്നു തട്ടിക്കൊണ്ടു പോയത്.  പ്രതികളിൽ ഒരാളായ ടൈറ്റസ് ജോർജ് സമാനമായ കേസ് ഉൾപ്പെടെ പത്ത് കേസുകളിൽ പ്രതിയാണ്. കോങ്ങാട് സ്വദേശികളായ ഉമ്മർ, വിജീഷ് എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. 

കേസിൽ ഇനിയും പ്രതികളുണ്ടെന്നും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. പിടികൂടിയ പ്രതികൾക്കെതിരെ കാപ്പ അടക്കം ചുമത്തുമെന്ന് കല്ലടിക്കോട് ഇൻസ്പെക്ടർ അറിയിച്ചു. പിടിയിലായ ടൈറ്റസ് ജോർജും, ബിനോയിയും ആക്രമണത്തിന് ശേഷം തൃശൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിലാണ് ഒളിച്ച് കഴിഞ്ഞിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post