മണ്ണാർക്കാട്: മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ ആ വലിയ മരം പൂർണ്ണമായും മുറിച്ചു നീക്കിയതോടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി പോത്തോഴിക്കാവ് പ്രദേശവാസികളും, പോത്തോഴിക്കാവ് കടവിൽ എത്തുന്നവരും അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരമായി. പോത്തോഴിക്കാവ് തടയണയ്ക്കു താഴെയുള്ള ചെക്‌ഡാമിൽ കിടന്നിരുന്ന വലിയ മരത്തടിയാണ് രണ്ടുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മുറിച്ചു കഷ്ണങ്ങളാക്കി മാറ്റി പുഴയിൽ നിന്ന് നീക്കിയത്. വനംവകുപ്പിന്റെ ദ്രുതപ്രതികരണ സേനയും സന്നദ്ധ പ്രവർത്തകരും, ചിറക്കൽപ്പടി സി.എഫ്.സി. ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബിലെ റെസ്‌ക്യൂ അംഗങ്ങളും, പ്രദേശവാസികളും പ്രവർത്തനത്തിൽ പങ്കാളികളായി.
മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയതാണ് മരം. മരത്തടിയുടെ പകുതിഭാഗവും ഏതാനും മരക്കൊമ്പുകളും കഴിഞ്ഞമാസം അഗ്നിരക്ഷാസേനയെത്തി നീക്കംചെയ്തിരുന്നു. ജലനിരപ്പുയർന്നതിനാൽ അന്ന് മരം പൂർണ്ണമായും മുറിച്ചു മാറ്റാനായിരുന്നില്ല. കടവിൽ കുളിക്കാനിറങ്ങുന്നവരുടെ ശരീരത്തിൽ മരക്കൊമ്പുകൾ തട്ടി പരിക്കേൽക്കുന്നത് പതിവായിരുന്നു. കൂടാതെ മരക്കൊമ്പിൽ മാലിന്യം തങ്ങിനിന്നതും വലിയ ബുദ്ധിമുട്ടായി മാറി. ഈ വിഷയം സേവ് മണ്ണാർക്കാട് കൂട്ടായ്മയിൽ സേവ് മണ്ണാർക്കാട് അംഗവും പ്രദേശവാസിയുമായ പ്രശോഭ് അവതരിപ്പിക്കുകയും, സേവ് മണ്ണാർക്കാട് പ്രതിനിധികൾ ഈ മരം സൃഷ്ടിക്കുന്ന അപകടഭീഷണി സംബന്ധിച്ചുള്ള മാധ്യമവാർത്തകൾ അടക്കം ശേഖരിച്ച് വനംവകുപ്പിനെ സമീപിച്ചു. തുടർന്ന് മണ്ണാർക്കാട് റേഞ്ചോഫീസർ എൻ. സുബൈറിന്റെ നിർദേശപ്രകാരം വനംവകുപ്പ് ദ്രുതപ്രതികരണ സേനാംഗങ്ങളും ചിറക്കൽപ്പടി സി.എഫ്.സി. ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബിലെ റെസ്‌ക്യൂ അംഗങ്ങളുമെത്തി മരം മുറിച്ചു നീക്കുകയായിരുന്നു. ഇതോടെ, ചെക്‌ഡാമിലെ നീരൊഴുക്ക് സാധാരണഗതിയിലായി. പ്രത്യേക വാഹനത്തിൽ ഘടിപ്പിച്ച റോപ്പിന്റെ അറ്റത്ത് കൊളുത്തിട്ട് മരത്തടി പൊക്കുകയും ഘട്ടം ഘട്ടമായി കഷ്ണങ്ങളാക്കി മുറിച്ചുമാറ്റുകയായിരുന്നു. ദ്രുതപ്രതികരണ സേനാംഗങ്ങളായ ഫിറോസ് വട്ടത്തൊടി, സുധീഷ്, അബ്ദുൾ കരീം, വാച്ചർമാരായ മരുതൻ, ബിനു, സി.എഫ്.സി. ക്ലബ്ബംഗങ്ങളായ നവാസ്, സ്വാലിഹ്, ഫാരിസ്, റഫീഖ്, സക്കീർ എന്നിവർ ചേർന്നാണ് മരം നീക്കിയത്. സേവ് മണ്ണാർക്കാട് പ്രതിനിധികളായ ഫിറോസ് ബാബു, നഷീദ് പിലാക്കൽ, പ്രശോഭ് എന്നിവരും പ്രദേശവാസികളും രക്ഷാപ്രവർത്തകർക്ക് പിന്തുണയായി ഉണ്ടായിരുന്നു