മണ്ണാർക്കാട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ദീർഘ കാലത്തെ പ്രസിഡന്റും സെക്രട്ടറിയും, ആത്മീയ വഴികാട്ടികളുമായിരുന്ന മർഹൂം കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാർ, ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്‌ലിയാർ എന്നിവരുടെ പേരിലുള്ള ഉറൂസ് മുബാറക്കും അനുസ്മരണ സമ്മേളനവും മറ്റന്നാൾ ഈ മാസം 30 ന് രാവിലെ പത്തു മണിക്ക് മണ്ണാർക്കാട് നെല്ലിപ്പുഴ മദ്രസ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. മണ്ണാർക്കാട് ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. അഡ്വ എൻ ഷംസുദ്ധീൻ എം എൽ എ മുഖ്യഥിതിയാവും
എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ 2015 ൽ തുടക്കം കുറിച്ച മണ്ണാർക്കാട് ഇസ്ലാമിക് സെന്ററിന്റെ പത്താം വാർഷിക പ്രഖ്യാപനവും ചടങ്ങിൽ നടക്കും.യുവ പണ്ഡിതനും വാഗ്മിയുമായ ഷുഹൈബ് ഹൈതമി മുഖ്യ പ്രഭാഷണം നടത്തും. എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഒ പി അഷ്‌റഫ് ആമുഖ പ്രഭാഷണം നടത്തും. പി കെ ഇമ്പിച്ചിക്കോയ തങ്ങൾ സമാപന പ്രാർത്ഥനക്കു നേതൃത്വം നൽകുമെന്നും അറിയിച്ചു. പത്ര സമ്മേളനത്തിൽ ഹബീബ് ഫൈസി കോട്ടോപ്പാടം, ശരീഫ് അൻവരി, ടി. കെ.സുബൈർ മൗലവി, പി. കെ.ആഷിഖ് ദാരിമി എന്നിവർ പങ്കെടുത്തു