പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ പ്രചാരണത്തിനായി ശോഭാ സുരേന്ദന്‍ എത്തും. പാലക്കാട്ടെ എന്‍ഡിഎ കണ്‍വെന്‍ഷനില്‍ ശോഭാ സുരേന്ദ്രന്‍ പങ്കെടുക്കും. മുതിര്‍ന്ന നേതാക്കള്‍ ശോഭാ സുരേന്ദ്രനുമായി സംസാരിച്ചെന്നാണ് വിവരം.
ശോഭാ സുരേന്ദ്രനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു. ശോഭാ സുരേന്ദ്രനായി പാലക്കാട് നഗരസഭയ്ക്ക് മുന്നില്‍ അടക്കം ഫ്‌ളെക്‌സുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ സി കൃഷ്ണകുമാറിനെ മത്സരത്തിനിറക്കുകയായിരുന്നു. പിന്നീട് മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രന്റെ അഭാവം ചര്‍ച്ചയായി.
അതിനിടെ ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പ്രചാരണത്തിന് എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചിട്ടുണ്ട്. ബിജെപിക്ക് അകത്ത് ഒരു തരത്തിലുള്ള ഭിന്നതകളുമില്ല. ഓരോ ഘട്ടത്തിലും ഏതൊക്കെ നേതാക്കള്‍ എത്തണമെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നുമാണ് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്.
ശോഭാ സുരേന്ദ്രനെ ചുറ്റിപ്പറ്റി മാധ്യമങ്ങള്‍ വ്യാജ പ്രചാരണം നടത്തുകയാണ്. പാലക്കാട് ബിജെപിക്ക് മികച്ച സംഘടനാ സംവിധാനമുണ്ട്. പുറത്ത് നിന്നും ആരുമെത്തി തിരഞ്ഞെടുപ്പ് ജോലി ചെയ്യേണ്ട ആവശ്യമില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.