അട്ടപ്പാടി: ഗൂളിക്കടവ് ഫാത്തിമ മാതാ പള്ളിയിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. തിങ്കളാഴ്ച രാവിലെയാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ആറു മണിക്ക് കപ്യാരായ ടോമിയാണ് പള്ളിയുടെ ഇടതുവശത്ത് പുറകിലെ വാതിലിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്, തുടർന്ന്, അഗളിപോലീസിൽ പരാതി നൽകി. പാലക്കാട് ജില്ലാ ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തി. പള്ളിയുടെ അകത്തുണ്ടായിരുന്ന രണ്ട് ഭണ്ഡാരങ്ങളും പള്ളിക്കു താഴെ മണ്ണാർക്കാട് ചിന്നത്തടാകം റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരവും കുത്തിത്തുറന്ന നിലയിലാണ്. മൂന്ന് ഭണ്ഡാരങ്ങളിൽനിന്നായി 3,500 രൂപയോളം ഉണ്ടായിരിക്കാമെന്നാണ് നിഗമനം. ഞായറാഴ്ച ഭണ്ഡാരങ്ങളിൽനിന്ന് പണം മാറ്റിയിരുന്നതിനാലാണ് അധികം തുക നഷ്ടപ്പെടാതിരുന്നത്. ഈമാസം 22-ാം തീയതി മുതൽ 31വരെ വൈകുന്നേരങ്ങളിൽ കുർബാനയും ജപമാലയും നടക്കുകയാണ്. ഇതിനാൽ കൂടുതൽ ഇടവകക്കാർ പള്ളിയിലെത്തി ഭണ്ഡാരത്തിൽ നേർച്ച സമർപ്പിച്ചിരുന്നു. പള്ളിയിലെ സി.സി.ടി.വി. കഴിഞ്ഞ ഇടിമിന്നലിൽ തകരാറായിരുന്നു. ഇതിനാൽ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭ്യമായില്ല. കഴിഞ്ഞ ഓഗസ്റ്റിലും സമാനരീതിയിൽ മോഷണം നടന്നിരുന്നു. ചൊവ്വാഴ്ച വിരലടയാള വിദഗ്‌ധരെത്തി പള്ളിയിൽ പരിശോധിക്കും. അഗളി സി.ഐ. കെ. അബ്ദുൽഹക്കിമിന്റെ നേതൃത്വത്തിലാണ് അന്വേഷണം.