പുലിയും, കടുവയും പതിഞ്ഞില്ല; പതിഞ്ഞത് "പൂച്ച സർ" ന്റെ വിളയാട്ടം

കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഇരുമ്പകച്ചോലയിൽ വനംവകുപ്പ് സ്ഥാപിച്ച നിരീക്ഷണക്യാമറയിൽ പതിഞ്ഞത് പുലിപ്പൂച്ചയും, കാട്ടുപൂച്ചയും. അതേസമയം, പുലിപ്പൂച്ച, കാട്ടൂപൂച്ച എന്നിവയുള്ള പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വനംവകുപ്പധികൃതർ പറയുന്നു. വനത്തോട് ചേർന്നുള്ള സ്വകാര്യതോട്ടങ്ങളിലെ അടിക്കാടുകൾ വെട്ടിവൃത്തിയാക്കുന്നത് വന്യജീവികൾക്ക് തങ്ങാനുള്ള സാഹചര്യം ഒഴിവാക്കാൻ സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു

കഴിഞ്ഞമാസം 30നാണ് വട്ടവനാൽ ജോസിന്റെ കൃഷിസ്ഥത്ത് പുലിയെ കണ്ടതായി വനംവകുപ്പിന് വിവരം ലഭിച്ചത്. ഇതേത്തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധിക്കുകയും ക്യാമറ സ്ഥാപിക്കുകയും ചെയ്തു. ഇതിലെ ദൃശ്യങ്ങൾ ബുധനാഴ്ച പരിശോധിച്ചപ്പോഴാണ് പുലിപ്പൂച്ചയെയും കാട്ടുപൂച്ചയെയും കണ്ടത്. ജോസിന്റെ കൃഷിസ്ഥലത്താണ് നിരീക്ഷണക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്.  മാർജാര ഇനത്തിൽപ്പെട്ട ജീവികളുടെ ചിത്രം ക്യാമറയിൽ പതിയുന്നത് ആദ്യമാണെന്നും വനംവകുപ്പധികൃതർ പറഞ്ഞു. ജനവാസമേഖലയോട് ചേർന്നുള്ള കുറ്റിക്കാടുകളിലും ഇലപൊഴിയും കാടുകളിലും പാറകൾ നിറഞ്ഞ പ്രദേശങ്ങളിലുമാണ് ഇവയെ സാധാരണയായി കണ്ടുവരാറുള്ളത്. ഈ വന്യജീവികൾ മനുഷ്യരെ ആക്രമിച്ചതായി റിപ്പോർട്ടുകളില്ല. എന്നാൽ, ചെറിയയിനം വളർത്തുജീവികളെ പിടികൂടാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ച കാഞ്ഞിരം-പൂഞ്ചോല റോഡിൽ അവിഞ്ഞിപ്പാടം വടിവേലുവിന്റെ വളർത്തുനായയെ പുലി പിടികൂടിയിരുന്നു. ഇവിടെ സ്ഥാപിച്ച ക്യാമറയിലെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പരിശോധിച്ചെങ്കിലും ഇതിൽ വന്യജീവികളെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
Previous Post Next Post

نموذج الاتصال