മണ്ണാര്‍ക്കാട്: സൈലന്റ് വാലി ബഫര്‍ സോണില്‍പ്പെട്ട പൊതുവപ്പാടം മലയിലുണ്ടായ തീപിടിത്തത്തില്‍ നാല് ഹെക്ടറോളം വനം കത്തിനശിച്ചതായി വനംവകുപ്പ്.മൂന്ന് ദിവസമായി തുടരുന്ന കാട്ടുതീ നിയന്ത്രണവിധേയമായതായും അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച വൈകീട്ടോടെ പൊതുവപ്പാടം മലയില്‍ ചെറിയ തോതിലുണ്ടായ അഗ്നിബാധ ഞായറാഴ്ച വൈകീട്ടോടെയാണ് ആളിപ്പടര്‍ന്നത്. ജനവാസ കേന്ദ്രത്തോട് ചേര്‍ന്നുള്ള വനാതിര്‍ത്തി വരെ തീയെത്തിയത് പരിഭ്രാന്തി പരത്തി. വനപാലകരും ഫയര്‍ വാച്ചര്‍മാരും അഗ്നിശസന സേനയും ചേര്‍ന്നാണ് തീയണക്കാനുള്ള തീവ്രശമം നടത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ തീയണച്ച് വനപാലകര്‍ മലയിറങ്ങിയെങ്കിലും കനത്ത ചൂടും കാറ്റും കാരണം വീണ്ടും അഗ്നിബാധയുണ്ടാവുകയായിരുന്നു.സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് വൈല്‍ഡ് ലൈഫ് വാര്‍ഡ് എസ് വിനോദ്, റേഞ്ച് ഓഫീസര്‍ അജയഘോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള നാല്‍പ്പതോളം വനപാലകരും ഫയര്‍ വാച്ചര്‍മാരും ചേര്‍ന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പൊതുവപ്പാടം ഭാഗത്ത് പാതയോരത്ത് നിന്നാണ് തീ ആദ്യം പടര്‍ന്നതെന്നാണ് കരുതുന്നത്. സൈലന്റ് വാലിയുടെ കോര്‍ സോണിലേക്കും ജനവാസ മേഖലയിലേക്കും തീപടരാതിരിക്കാനുള്ള പ്രതിരോധമാണ് വനംവകുപ്പ് നടത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മേഖലയില്‍ കാട്ടുതീയുണ്ടാകുന്നത്. വേനല്‍ കനത്തതോടെ മരങ്ങളും അടിക്കാടുകളും ഉണങ്ങി നില്‍ക്കുന്നതാണ് തീപടരാന്‍ കാരണമാകുന്നത്.