മണ്ണാർക്കാട്: മണ്ണാർക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഐടി കമ്പനിയായ ഇൻഫോക്‌സ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാർക്കായി സംഘടിപ്പിച്ച 'ഇൻഫോക്‌സ് ഫുട്‌ബോൾ ലീഗ് 2022' ഫുട്ബോൾ ടൂർണ്ണമെന്റിന് ആവേശോജ്ജ്വലമായ സമാപനം. എതിരില്ലാത്ത 4 ഗോളുകൾക്ക് 'ഡിഫൻഡേഴ്‌സ് എഫ്സി ഇൻഫോക്‌സ്' ജേതാക്കളായി. ലീഗ് അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ടൂർണ്ണമെന്റിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ഡിഫൻഡേഴ്‌സ് എഫ്സി ഇൻഫോക്‌സ്, ഫോക്‌സ് യുണൈറ്റഡ് എന്നീ ടീമുകളാണ് കലാശപ്പോരാട്ടത്തിൽ ഏറ്റുമുട്ടിയത്. ഫെബ്രുവരി 17 ന് മണ്ണാർക്കാട് കോടതിപ്പടി ബിർച്ചെസ് പ്ലേ ടർഫിൽ ആരംഭിച്ച ടൂർണ്ണമെന്റ് മാർച്ച് 13 നാണ് സമാപിച്ചത്. മിന്നൽ ഫോക്‌സ്, ഡിഫൻഡേഴ്‌സ് എഫ്സി ഇൻഫോക്‌സ്, ഫോക്‌സ് ഫൈറ്റേഴ്‌സ്, ഇൻഫോ മെറ്റഡോർ, റോയൽ ഫോക്‌സ് എഫ്‌സി, ഫോക്‌സ് യുണൈറ്റഡ് തുടങ്ങി 6 ടീമുകളിൽ നിന്നായി 18 മത്സരങ്ങളിൽ 88 താരങ്ങളാണ് ഇൻഫോക്‌സ് പ്രീമിയർ ലീഗിൽ ബൂട്ടണിഞ്ഞത്. വിജയികൾക്ക് ഇരുപതിനായിരം രൂപ പ്രൈസ് മണിയും വിന്നേഴ്സ് ട്രോഫിയും മെഡലുകളും കൈമാറി. ഡിഫൻഡേഴ്സ് എഫ്സി ഇൻഫോക്സ് താരങ്ങളായ സുരേഷിനെ ബെസ്റ്റ് പ്ലെയറായും മിൻഹാജിനെ ബെസ്റ്റ് ഗോൾകീപ്പറായും തിരഞ്ഞെടുത്തു. ജീവനക്കാർക്കിടയിലുള്ള ഐക്യവും സ്നേഹവും ഊട്ടിയുറപ്പിക്കാനും തൊഴിൽ സമ്മർദ്ധം കുറക്കാനും ഇത്തരം പരിപാടികൾ അനിവാര്യമാണെന്ന് ഇൻഫോക്‌സ് സിഇഒ യും എംഡിയുമായ മുജീബ് കൊളശ്ശേരി പറഞ്ഞു. ചെയർമാൻ മുനീർ കൊളശ്ശേരി, ജനറൽ മാനേജർ നവാസ് താഴത്തേതിൽ എന്നിവർ വിജയികളെ അഭിനന്ദിച്ചു.