മണ്ണാര്‍ക്കാട്: മുറ്റത്തെ മുല്ല വായ്പാ പദ്ധതിയില്‍ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ ഇന്‍ഷൂറന്‍സ് പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കാന്‍ പരിശ്രമിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍. റൂറല്‍ ബാങ്കിന്റെ കോടതിപ്പടി പുതിയ ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
'ബ്ലേഡ് പലിശക്കാര്‍ എന്ന മഹാവിപത്തിനെ ഗ്രാമങ്ങളുടെ മുറ്റത്ത് നിന്നും ഒരു പരിധി വരെ ഒഴിവാക്കുന്നതിന് മുറ്റത്തെ മുല്ല പദ്ധതിയില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷയൊരുക്കിയ റൂറല്‍ ബാങ്കിനെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുത്തന്‍ ആശയങ്ങള്‍ ആവിഷ്‌കരിക്കുന്നതിൽ ബാങ്ക് വേറിട്ട് നില്‍ക്കുന്നു. സഹകരണ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായുള്ള പ്രവര്‍ത്തനം, ഏറ്റവും നല്ല ബിസിനസ്, നിക്ഷേപകരോടും വായ്പയെടുക്കുവരോടും നല്ല സമീപനം പുലര്‍ത്തുന്നതിലും ബാങ്ക് മാതൃകയാണ്. ബാങ്കിന്റെ പുരോഗതിയുടെ അടിസ്ഥാനം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയും സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ജീവനക്കാരുടേയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ പല കോണുകളില്‍ നിന്നും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാൽ ഇതിനെയെല്ലാം പ്രതിരോധിക്കാനുള്ള ശക്തമായ ജനകീയ അടിത്തറയാണ് സഹകരണ പ്രസ്ഥാനങ്ങള്‍ക്കുള്ളതെന്നും മന്ത്രി പറഞ്ഞു. എല്‍ഐസിയുമായി കൈകോര്‍ത്ത് മുറ്റത്തെ മുല്ല വായ്പാ പദ്ധതിയില്‍ ഏര്‍പ്പെടുത്തുന്ന ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
കെടിഡിസി ചെയര്‍മാന്‍ പി.കെ ശശി അധ്യക്ഷനായി. സ്‌ട്രോംഗ് റൂമും ലോക്കറും സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം.പി ഹിര ഉദ്ഘാടനം ചെയ്തു. റൂറല്‍ ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമന്‍ റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.സുരേഷ് അധ്യക്ഷനായി. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ യു.ടി.രാമകൃഷ്ണന്‍, പാലോട് മണികണ്ഠന്‍, ബി.മനോജ്, ടി.ആര്‍.സെബാസ്റ്റിയന്‍,സഹകരണ സംഘം അസി.രജിസ്ട്രാര്‍ (പ്ലാനിംഗ്) പി.ഹരിപ്രസാദ്, സഹകരണ സംഘം അസി.രജിസ്ട്രാര്‍ (ജനറല്‍) കെ.ജി.സാബു, പഴേരി ഷെരീഫ് ഹാജി എിവര്‍ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.കെ സുരേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് രമ സുകുമാരന്‍ നന്ദിയും പറഞ്ഞു.