അട്ടപ്പാടിയിലെ ശിശുമരണം; സഭയിൽ ഭരണ-പ്രതിപക്ഷ തർക്കം

അട്ടപ്പാടി മുരുഗള ഊരിൽ കുഞ്ഞ് മരിച്ച സംഭവത്തെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ തർക്കം. വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷ എംഎൽഎ ഷംസുദ്ദീൻ ആണ് സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. 'ഉത്തരേന്ത്യയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഈ സംഭവം നടന്നത് ഇടതുമുന്നണി ഭരിക്കുന്ന കേരളത്തിലാണ്. അട്ടപ്പാടിയിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സർക്കാർ വംശഹത്യയ്ക്ക് കൂട്ടുനിൽക്കുന്നുവെന്ന് പറയേണ്ടിവരും. ഈ മാസം മാത്രം നാല് കുഞ്ഞുങ്ങളാണ് അട്ടപ്പാടി ഊരിൽ മരിച്ചത്. കോട്ടത്തറ ആശുപത്രിയിൽ ആവശ്യത്തിന് മരുന്നില്ല. ആശുപത്രി കാന്റീൻ ഒരാഴ്ചയായി പൂട്ടിക്കിടക്കുകയാണ്. സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയും അലംഭാവവുമാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം', ഷംസുദ്ദീൻ പറഞ്ഞു.
അട്ടപ്പാടിയിലെ കുട്ടിയുടെ മരണകാരണം എന്താണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടു കിട്ടിയാൽ മാത്രമേ അറിയാൻ കഴിയൂ എന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് കുട്ടിയുടെ പോസ്റ്റുമോർട്ടം നടത്തിയത്. പോസ്റ്റുമോർട്ടത്തിനുശേഷം അട്ടപ്പാടിയിലെ ഗതാഗത യോഗ്യമായ കോൺക്രീറ്റ് റോഡ് അവസാനിക്കുന്നതുവരെ ആംബുലൻസിൽ എത്തിച്ചു. തുടർന്ന്, രണ്ടിൽ താഴെ കിലോമീറ്റർ ദൂരം കാൽനടയായാണ് മൃതദേഹം ഊരിൽ എത്തിച്ചത്. കനത്ത മഴയായതിനാലാണ് വാഹനങ്ങൾക്ക് ഈ റോഡിൽ സഞ്ചരിക്കാൻ സാധിക്കാത്തത്. ഈ ദൃശ്യങ്ങളാണ് മാധ്യമങ്ങളിൽ വന്നത്. എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. അട്ടപ്പാടിക്കു പ്രഥമ പരിഗണനയാണ് സർക്കാർ നൽകുന്നതെന്നും മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. 
പ്രതിപക്ഷ നേതാവും കോട്ടത്തറ ആശുപത്രിയെ കുറിച്ച് പരാമർശിച്ചു. അവിടേക്ക് അനുവദിച്ച 12 കോടി രൂപ പെരിന്തൽമണ്ണയിലെ ഇഎംഎസ് ആശുപത്രിക്ക് കൈമാറിയെന്നും ആക്ഷേപം ഉന്നയിച്ചു. 
ഫണ്ട് വകമാറ്റിയെന്ന ആരോപണം ആരോഗ്യമന്ത്രി വീണാ ജോർജ്  നിഷേധിച്ചു. മതിയായ സൗകര്യങ്ങൾ കോട്ടത്തറ ആശുപത്രിയിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും 117 താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനായി നടപടിയെടുത്തതടക്കം മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനിടയിൽ വീണ്ടും പ്രതിപക്ഷ നിരയിൽനിന്ന് ബഹളം ഉണ്ടായി. അപ്പോൾ ‘ആരോപണം ഉന്നയിച്ച പ്രതിപക്ഷ അംഗങ്ങൾ അവിടെപ്പോയി സന്ദർശിച്ചിട്ടുണ്ടോ’ എന്ന് മന്ത്രി ചോദിച്ചു. ഇല്ല എന്ന മറുപടി വന്നപ്പോൾ ‘അവിടെ പോയതിനു ശേഷം ആരോപണം ഉന്നയിക്കൂ’ എന്ന് മന്ത്രി പറഞ്ഞു. ആശുപത്രി സഹായം കിട്ടാത്തതു കൊണ്ടല്ല കുട്ടി മരിച്ചത്. കുട്ടി ആരോഗ്യവാനായി അമ്മയോടൊപ്പം കിടന്നതാണ്. രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. മിൽക്ക് ആസ്പിരേഷനാണോ കാലിൽ കണ്ട മുറിപ്പാടാണോ മരണകാരണമെന്നു പോസ്റ്റുമോർട്ടത്തിലൂടെ വ്യക്തമാകും. കുട്ടിയുടെ വീടു സ്ഥിതിചെയ്യുന്ന സ്ഥലത്ത് 20 കുടുംബങ്ങളുണ്ട്. അവിടേയ്ക്കു റോഡ് നിർമിക്കണമെങ്കിൽ 30 കോടിവേണം. അവരെ മെച്ചപ്പെട്ട സ്ഥലത്തേക്കു പുനരധിവസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പലരും വരാൻ കൂട്ടാക്കാത്തത് ഇതിനു തടസമാണ്. അട്ടപ്പാടിയിൽ എല്ലാ സൗകര്യവും ഒരുക്കിയതായും 64 ലക്ഷംരൂപ മുടക്കി ന്യൂ ബോൺ ഐസിയു നിർമിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു.
ഇരുമന്ത്രിമാരുടെയും വിശദീകരണത്തിന്റെ അടിസ്‌ഥാനത്തിൽ സ്‌പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിനിടെ ഷംസുദ്ദീൻ കോട്ടത്തറ ആശുപത്രി സന്ദർശിക്കണമെന്ന വീണാ ജോർജിന്റെ പരാമർശത്തിൽ പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. തുടർന്ന് സ്‌പീക്കർ സഭ നിർത്തിവെച്ചു.
Previous Post Next Post

نموذج الاتصال