മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ കാലവര്‍ഷം ദുരിതമാണ് സമ്മാനിക്കുന്നത്. മഴയില്‍ വീട് തകര്‍ന്ന് വീണ് ഷോളയൂര്‍ മാറനട്ടിയില്‍ ആദിവാസി വയോധികന്‍ മരണപ്പെട്ടു. മാറനട്ടിയിലെ സുകുണന്‍ എന്ന പെരുമാള്‍ (65) ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെയാണ് വീട് തകര്‍ന്നത്. എന്നാല്‍ വീടിനകത്ത് ആളുളളതായി നേരത്തെ അറിഞ്ഞിരുന്നില്ല. പുഴക്ക് അക്കരെ ഒറ്റപ്പെട്ടുളള വീടായതിനാലും പുഴയില്‍ വെളളത്തിന്റെ കുത്തൊഴുക്കുളളതിനാലും വൈകീട്ടാണ് മൃതദേഹം എടുക്കാനായത്.
കനത്ത മഴയെ തുടര്‍ന്ന് ഷോളയൂരില്‍ ഇതിനോടകം രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചിറ്റൂര്‍ പാരിഷ് ഹാളില്‍ തുടങ്ങിയ ക്യാമ്പില്‍ 43 കുടുംബങ്ങളും, വങ്കകടവില്‍ 13 കുടുംബങ്ങളുമാണുളളത്. ഇരു ക്യാമ്പുകളിലും ഷംസുദ്ദീന്‍ എം.എല്‍.എ എത്തി സ്ഥിതി വിവരങ്ങള്‍ ശേഖരിച്ചു. ക്യാമ്പില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ അധികൃതരോട് നിര്‍ദ്ദേശം നല്‍കി.
ചുണ്ടകുളം - മേട്ടുവഴി റോഡിൽ വേണു (വെള്ളിങ്കിരി )യുടെ വീടിന്റെ മുകളിൽ മരം വീണു വീട് ഭാഗികമായി തകർന്നു
കള്ളമല വില്ലേജ് ജെല്ലിപ്പാറ തൊട്ടിയാങ്കരയിൽ ഓട് മേഞ്ഞ വീടിൻ്റെ മേൽക്കൂര ഭാഗികമായി തകർന്നു വീണു., ആളപായമില്ല
കഴിഞ്ഞ ദിവസങ്ങളില്‍ അട്ടപ്പാടിയിലുണ്ടായ കൃഷി നാശവും മറ്റും ഇന്നലെ നേരില്‍ കണ്ട എം.എല്‍.എ നാശനഷ്ടങ്ങള്‍ സംബന്ധിച്ചുളള റിപ്പോര്‍ട്ട് അടിയന്തിരമായി തയ്യാറാക്കാന്‍ റവന്യു വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.
ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്‍ത്തി, അട്ടപ്പാടി തഹസില്‍ദാര്‍ ഷാനവാസ്, പി.സി ബേബി, ജോബി കൂരിക്കാട്ടില്‍, നവാസ് പഴേരി, ബാബു, ഗ്രാമപഞ്ചായത്തംഗം അനിത തുടങ്ങിയവര്‍ എം.എല്‍.എയോടൊപ്പമുണ്ടായിരുന്നു.