പതിനഞ്ച് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് സംഭവം. പൈങ്ങോട്ടുപുറം സ്വദേശി ഇർഷാദുൽ ഹാരിസ് (34) നെതിരെയാണ് പോക്സോ കേസ് റജിസ്റ്റർ ചെയ്തത്. പ്രദേശത്തെ ഒരു പെൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇതിൽ പ്രകോപിതരായ പെൺകുട്ടിയുടെ ബന്ധുക്കളാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. ഗുരുതരമായി പരുക്കേറ്റ യുവാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പോലീസ് സംഘം മലമുകളിൽ നിന്നുമാണ് യുവാവിനെ കണ്ടെത്തിയത്. സംഭവത്തില്‍ പെൺകുട്ടിയുടെ ബന്ധുക്കളടക്കം 5 പേർ പിടിയിലായി.
കുറ്റിക്കാട്ടൂരിനടുത്തുള്ള വീട്ടിൽ നിന്ന് യുവാവിനെ ആറംഗ സംഘം ഇന്നലെ രാത്രി 10മണിയോടെ വീട്ടിൽ നിന്ന് യുവാവിനെ വലിച്ചിറക്കി വാഹനത്തിൽ കയറ്റുകയായിരുന്നു. കുന്ദമംഗലം ഭാഗത്തേക്കു പോയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തെ തുടർന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ യുവാവുമായി ആരാമ്പ്രത്തിനടുത്ത് ചക്കാലക്കൽ സ്കൂളിനു മുകളിലുള്ള കുന്നിലേക്ക് എത്തിച്ചതായി വിവരം ലഭിച്ചത്. പൊലീസ് സ്ഥലത്തെത്തി കുന്നിൻപ്രദേശം വളഞ്ഞ് സംഘത്തെയും യുവാവിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ടുപേർ ഓടി രക്ഷപ്പെട്ടു. പിടികൂടിയ പ്രതികളെ പുലർച്ചയോടെ മെഡിക്കൽ കോളജ് സ്റ്റേഷനിൽ എത്തിച്ചു. പ്രതികളെ ചോദ്യം ചെയ്തു വരുന്നു. പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു.