മണ്ണാർക്കാട്: പുല്ലിശ്ശേരിയിലെ അന്നമ്മ മാത്യു തന്റെ ബാല്യകാലത്തെ വീരകഥ മക്കളോടും, മരുമക്കളൊടും പറയുമ്പോൾ അതൊരു തള്ളായി മാത്രമാണ് അവർ കേട്ടിരുന്നത്. ഹോം സിനിമയിലെ ഇന്ദ്രൻസിന്റെ കഥാപാത്രം മകനോട് പറയുന്നത് പോലെ ഇതു വരെയുള്ളത് നിനക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇനി പറയാൻ പോകുന്നത് വിശ്വസിക്കാനേ ആവില്ല എന്ന ഡയലോഗ് ജീവിതത്തിൽ ആവർത്തിച്ചിട്ടുണ്ടാവും അന്നമ്മയും, കാലം കടന്ന് പോയപ്പോൾ ഹോം സിനിമയിലെ ക്ലൈമാക്സിനെ വെല്ലുന്ന ക്ലൈമാക്സ് കണ്ട അമ്പരപ്പിലാണ് അവരുടെ മക്കൾ
മണിമലയാറിന്റെ കുത്തൊഴുക്കിൽ നിന്ന് ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയ അന്നമ്മയെ കാണാൻ ശോശാമ്മ മണ്ണാർക്കാട്ടെത്തിയപ്പോഴാണ് മക്കളും, മരുമക്കളും അക്ഷരാർത്ഥത്തിൽ ഞെട്ടിയത്. അപ്പോൾ അമ്മ പറഞ്ഞതൊന്നും തള്ളായിരുന്നില്ലല്ലേ എന്നവർ മനസ്സിൽ അടക്കം പറഞ്ഞു കാണും. നാല്പത്തിയഞ്ചു വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടലായിരുന്നു ഇരുവരുടേതും.
ഹൈസ്ക്കൂൾ പഠന കാലത്താണ് ശോശാമ്മ മണിമലയാറിന്റെ ഒഴുക്കിൽപ്പെട്ടത്, അയൽവാസിയും, കൂട്ടുകാരിയുമായ അന്നമ്മ ആ സമയത്ത് ഒപ്പമുണ്ടായിരുന്നു. ഒഴുക്കിൽപെട്ട കൂട്ടുകാരിയെ രക്ഷിക്കാനായി നിലവിളിച്ച് പരസഹായം തേടിയെങ്കിലും ആ സമയത്ത് അവിടെ ആരുമുണ്ടായിരുന്നില്ല, പിന്നൊന്നും നോക്കിയില്ല ശോശാമ്മയെ രക്ഷിക്കാനായി അന്നമ്മ എടുത്തു ചാടി. മുടിയിലും കയ്യിലും പിടിച്ച് ധൈര്യം കൈവിടാതെ കരയ്ക്ക് എത്തിച്ചു. സ്ക്കൂൾ ജീവിതം കഴിഞ്ഞതോടെ ശോശാമ്മ വിദേശത്ത് നേഴ്സായി പോയി. അന്നമ്മ വിവാഹിതയായി മണ്ണാർക്കാട് പുല്ലിശ്ശേരിയിലേക്കും വന്നതോടെ ആ സൗഹൃദം ഇടക്കാലത്ത് മുറിഞ്ഞ് പോയെങ്കിലും കാലങ്ങൾ കടന്ന് പോകുമ്പോഴും തന്റെ ജീവൻ രക്ഷിച്ച പ്രിയ സുഹൃത്തിനെ ഒരിക്കൽ കൂടി കാണണമെന്ന ആഗ്രഹം ശോശാമ്മയുടെ മനസ്സിൽ എന്നുമുണ്ടായിരുന്നു. ശോശാമ്മ നാട്ടിലെത്തിയപ്പോൾ ആദ്യം തിരക്കിയത് അന്നമ്മയെ ആയിരുന്നു, അവരുടെ ഫോൺ നംബർ സംഘടിപ്പിച്ച് വിളിച്ചപ്പോൾ ഇരുവരുടേയും മനസ്സ് വർഷങ്ങൾ കുറേ പിറകോട്ട് സഞ്ചരിച്ചു കാണണം. തുടർന്ന് ശോശാമ്മ അന്നമ്മയുടെ വീട്ടിലെത്തുകയായിരുന്നു, ഉറ്റ സുഹൃത്തുക്കളുടെ സമാഗമത്തിന് സാക്ഷ്യം വഹിച്ച അന്നമ്മയുടെ മക്കളും, മരുമക്കളും സമ്മതിച്ച് കാണും എന്റെ അമ്മ ശരിക്കും ഒരു ഹീറോ ആണെന്നത്