തിരുമാന്ധാംകുന്ന് പൂരം 28ന് തുടങ്ങും; ഏപ്രിൽ ഏഴിന് സമാപിക്കും

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിലെ പൂരം ഈ മാസം 28ന് തുടങ്ങുമെന്ന് ദേവസ്വം ഭാരവാഹികളും സംഘാടകരും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ ഏഴിന് സമാപിക്കും.
പൂരാഘോഷത്തിന്റെ ഭാഗമായുള്ള ദ്രവ്യകലശം ഇന്നലെ ആചാര്യവരണത്തോടെ തുടങ്ങിയിരുന്നു. നാലമ്പലത്തിനകത്ത് മഹാദേവന്റെ കലശത്തിനുള്ള ആചാര്യവരണമാണ് നടന്നത്. സന്ധ്യക്ക് ദീപാരാധനയ്ക്കു ശേഷം ട്രസ്റ്റ് പ്രതിനിധി എ.സി. രാജരാജവർമ, തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരിക്ക് ഉത്തരീയവും ദക്ഷിണയും നൽകി ആചാര്യവരണം നടത്തി. തുടർന്ന് ശിവന് മുളയിടൽ, പ്രാസാദശുദ്ധി, ഹോമം, കലശം, വാസ്തുബലി, കലശാഭിഷേകം തുടങ്ങിയ താന്ത്രിക ചടങ്ങുകൾ നടന്നു.
ഇന്ന് രാവിലെ ബിംബശുദ്ധി പൂജകൾ, കലശാഭിഷേകം എന്നീ ചടങ്ങുകൾക്കുശേഷം സന്ധ്യക്ക് ശ്രീമൂലസ്ഥാനത്ത് ആചാര്യവരണം നടന്നു. വ്യാഴാഴ്‌ച ഭഗവതിക്ക് സഹസ്രകലശം നടക്കും.
പൂരം വരവേൽക്കാൻ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. 27-ന് വൈകീട്ട് 5.30-ന് പൂരവിളംബര ഘോഷയാത്ര നടക്കും. 28-ന് രാവിലെ പത്തിനാണ് ആദ്യത്തെ പൂരം പുറപ്പാട്. തുടർന്നുള്ള ദിവസങ്ങളിൽ പ്രഗല്ഭർ പങ്കെടുക്കുന്ന വിവിധ കലാപരിപാടികളുണ്ടാകും. നങ്ങ്യാർകൂത്ത്, ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ, തായമ്പക എന്നിവ മിക്ക ദിവസങ്ങളിലുമുണ്ട്. പെരുവനം കുട്ടൻ മാരാരുടെ പഞ്ചാരിമേളം, പഞ്ചമദ്ദള കേളി, കഥകളി, തിരുവാതിരക്കളി, ഗാനമേള എന്നിവയുണ്ടാകും.
മുൻ വർഷങ്ങളിൽനിന്നു വിഭിന്നമായി ഇത്തവണ സാംസ്‌കാരികസമ്മേളനവും നടക്കും. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യും.
തിരുമാന്ധാംകുന്ന് ദേവസ്വം ഏർപ്പെടുത്തിയ മാന്ധാദ്രി പുരസ്‌കാരം ഡോ. മല്ലിക സാരാഭായിക്ക് സമ്മാനിക്കും. പന്ത്രണ്ടാംനാളിൽ വള്ളുവനാട്ടിലെ വിവിധ സംഘങ്ങൾ അവതരിപ്പിക്കുന്ന ചവിട്ടുകളി അരങ്ങേറും. വാർത്താസമ്മേളനത്തിൽ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ എം. വേണുഗോപാൽ, സംഘാടകസമിതി രക്ഷാധികാരി കെ. ദിലീപ്, ബി. രതീഷ്, എ.എൻ. ശിവപ്രസാദ്, കെ.ടി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال