അഗളി: ഷോളയൂർ പഞ്ചായത്തിൽ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് 'സേവാസ്' പദ്ധതിക്ക് ഇന്നലെ തുടക്കം കുറിച്ചു. ഷോളയൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ആസൂത്രണ യോഗത്തിൽ വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടേയും രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളും പഞ്ചായത്തിലെ വിദ്യാഭ്യാസ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.
സമഗ്ര ശിക്ഷാ കേരളം എല്ലാ ജില്ലയിലും ഒരു പഞ്ചായത്തിനെ തിരഞ്ഞെടുത്ത് പ്രത്യേക പിന്തുണ നൽകി വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ വികസനം ഉറപ്പു വരുത്തുന്നതിന് വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണ് സേവാസ്. പാലക്കാട് ജില്ലയിൽ ഷോളയൂർ പഞ്ചായത്താണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. തുടർച്ചയായി 5 വർഷം കൊണ്ട് ചിട്ടയായ പ്രവർത്തനത്തിലൂടെ ലക്ഷ്യം കൈവരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി വിവിധ വകുപ്പുകളേയും ഏജൻസികളേയും സന്നദ്ധ സംഘടനകളെയും പൊതുസമൂഹത്തിൻ്റെയും ഏകോപനം സാധ്യമാകേണ്ടതുണ്ട്. ഇതിന്റെ ആദ്യ പടി എന്ന നിലയിലുള്ള ആസൂത്രണ യോഗമാണ് ഇന്ന് ചേർന്നത്.
ഷോളയൂർ പഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂർത്തി യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. അഗളി ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷൻ കെ.കെ. മാത്യു അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര ഐ.എ.എസ്. പരിപാടിയിൽ പങ്കെടുത്ത് ആവശ്യമായ സഹകരണം ഉറപ്പു നൽകി. ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ സി. സുരേഷ് കുമാർ, ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. വി.പി. ഷാജുദ്ദീൻ എന്നിവർ ആസൂത്രണ ശില്പശാലക്ക് നേതൃത്വം നൽകി.
പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാൻ ആവശ്യമായ വിശദമായ ചർച്ചകൾ പത്ത് മേഖലകളിലായി നടന്നു.
പരിപാടിയിൽ അഗളി ബി.ആർ.സി.യുടെ ബ്ലോക്ക് പ്രൊജക്ട് കോർഡിനേറ്റർ കെ.ടി. ഭക്തഗിരീഷ്, ഷോളയൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ആർ. ജിതേഷ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.രവി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.സി. ഗാന്ധി, ഷാജു പെട്ടിക്കൽ, ഷോളയൂർ പഞ്ചായത്തംഗം ജി. രാധാകൃഷ്ണക്കുറുപ്പ്, ഷോളയൂർ പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാർ, ഷോളയൂർ എസ്.ഐ. മണികണ്ഠൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സജീവ്, ക്ലസ്റ്റർ കോർഡിനേറ്റർ കെ.വി. അനീഷ് എന്നിവർ സംസാരിച്ചു.