കാശ്മീരില്‍ മരിച്ച മുഹമ്മദ് ഷാനിബിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

മണ്ണാര്‍ക്കാട്: കാശ്മീരില്‍ മരിച്ച കാഞ്ഞിരപ്പുഴ സ്വദേശി വര്‍മ്മംകോട് കറുവാന്‍തൊടി മുഹമ്മദ് ഷാനിബി(27)ന്റെ മൃതദേഹം നാട്ടിലെത്തിച്ചു. തിങ്കളാഴ്ച രാത്രിയാണ് കൊച്ചി വിമാനത്താവളത്തില്‍നിന്നും മൃതദേഹം ആംബുന്‍സില്‍ കാഞ്ഞിരപ്പുഴയിലെ വീട്ടിലെത്തിച്ചത്. തുടര്‍ന്ന് പൊതുദര്‍ശനത്തിനുവെച്ചു. ബന്ധുക്കളും നാട്ടുകാരുമുള്‍പ്പെടെ വന്‍ ജനാവലി അന്ത്യമോപചാരമര്‍പ്പിക്കാനെത്തി. ശേഷം. അരിപ്പനാഴി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി. ഷാനിബിന്റെ പിതാവ് അബ്ദുള്‍ സമദ്, മാതാവിന്റെ സഹോദരന്‍ മുഹമ്മദ് അസ്്‌ലം എന്നിവരാണ് മൃതദേഹം കാശ്മീരില്‍ നിന്നും കൊണ്ടുവരാനായി  പോയിരുന്നത്. കഴിഞ്ഞമാസം 13നാണ് ബാംഗ്ലൂരില്‍ ജോലി ലഭിച്ചെന്ന് പറഞ്ഞ് ഷാനിബ് വീട്ടില്‍നിന്നും പോയത്. പിന്നീട് വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നില്ല. ഇക്കഴിഞ്ഞ ആറാംതീയതിയാണ് കാശ്മീരിലെ പുല്‍വാമയ്ക്കുസമീപത്തെ വനമേഖലയില്‍് ഷാനിബിനെ മരിച്ചനിലയില്‍ കണ്ടെത്തിയതായി തന്‍മാര്‍ഗ് സ്റ്റേഷനില്‍നിന്നും വിളിച്ചറിയിച്ചത്. മൃതദേഹം തിരിച്ചറിയുന്നതിനായി കാശ്മീരിലെത്താനും നിര്‍ദേശിച്ചു. ജനപ്രതിനിധികളുടെ ഇടപെടലിനെ തുടര്‍ന്ന് ബന്ധുക്കള്‍ക്ക് കാശ്മീരിലെത്താനും മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും സാധിച്ചു. ഡല്‍ഹിയിലെ ലോക കേരളസഭാംഗങ്ങളാണ് സഹായസഹകരണങ്ങള്‍ നല്‍കിയത്.  രാത്രി ഒമ്പതിനാണ് മൃതദേഹം വര്‍മ്മം കോടുള്ള ഷാനിബിന്റെ വീട്ടിലെത്തിച്ചത്. അര മണിക്കൂര്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷമാണ് സംസ്‌കാരത്തിനായ് കൊണ്ടുപോയത്. കെ. ശാന്തകുമാരി എം എല്‍ എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ അന്ത്യമോപചാരമര്‍പ്പിച്ചു.
Previous Post Next Post

نموذج الاتصال