വനസൗഹൃദ സദസില്‍ 47 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 36 എണ്ണം മണ്ണാര്‍ക്കാട് ഡിവിഷനിലും 11 എണ്ണം പാലക്കാട് ഡിവിഷനിലുമാണ്.
വന്യജീവികളുടെ ആക്രമണംമൂലം മരണം, പരുക്ക്, കൃഷിനാശം എന്നിവ സംഭവിച്ച 26 പേര്‍ക്ക് 19.52 ലക്ഷം രൂപ നഷ്ടപരിഹാരവും എട്ട് പേര്‍ക്ക് വനാതിര്‍ത്തിയിലുള്ള സ്വകാര്യ സ്ഥലങ്ങള്‍ക്കുള്ള നിരാക്ഷേപ പത്രവും മന്ത്രി എ.കെ ശശീന്ദ്രന്‍ വിതരണം ചെയ്തു. വനവകാശ നിയമം വികസന അവകാശ വിതരണം ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകള്‍ക്ക് നല്‍കി. വന സംരക്ഷണ സമിതികള്‍ക്കുള്ള സാമ്പത്തിക സഹായവിതരണം വാദ്ധ്യാര്‍ചള്ള അങ്കണവാടി കെട്ടിടം, വേലന്‍ഞ്ചേരി അങ്കണവാടി കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തിയതിനും നടുപ്പതി ആദിവാസി കോളനിയില്‍ അനര്‍ട്ട് മുഖേന സൗരോര്‍ജ്ജവത്ക്കരണം നടത്തിയതിനും വിതരണം ചെയ്തു. 8.71 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. പരിപാടിയില്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും ദ്രുതകര്‍മ്മ സേനയ്ക്കുള്ള വാഹനം കൈമാറല്‍ ചടങ്ങും നടന്നു.വനസൗഹൃദ സദസിന് മുന്നോടിയായി നടന്ന വന സൗഹൃദ ചര്‍ച്ചയില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ വിവിധ പ്രശ്‌നങ്ങളും അഭിപ്രായങ്ങളും ഉന്നയിച്ചു. മുന്‍ഗണന നല്‍കേണ്ട വിഷയങ്ങളില്‍ 15 ദിവസത്തിനകം തീരുമാനം അറിയിക്കും. 30 ദിവസത്തിനുള്ളില്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ എന്ത് പരിഹാരം സാധ്യമാവും എന്ന് പരിശോധിച്ച് വേണ്ട തീരുമാനം നല്‍കുമെന്നും അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഓഫീസര്‍ രാജേഷ് രവീന്ദ്രന്‍ മറുപടി നല്‍കി.
പരിപാടിയില്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി. ഭൂപരിഷ്‌കരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എന്‍. ബാലസുബ്രഹ്മണ്യം ജില്ലാ കലക്ടറുടെ സന്ദേശം അറിയിച്ചു. മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബുഷറ, അഗളി, അലനല്ലൂര്‍, കോട്ടോപാടം, പുതൂര്‍, ഷോളയൂര്‍, തെങ്കര, അകത്തേത്തറ, മലമ്പുഴ, മുണ്ടൂര്‍, പുതുപ്പരിയാരം, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. വിജയനന്ദന്‍, ഉത്തര മേഖല വന്യജീവിഭാഗം ചീഫ് കണ്‍സര്‍വേറ്റര്‍ പി. മുഹമ്മദ് ഷബാബ് രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.