അഗളി: കോട്ടത്തറമുതൽ ആനക്കട്ടിവരെയുള്ള പ്രദേശങ്ങളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ വാഹനയാത്രികരുടെ ജീവന് ഭീഷണിയാകുന്നു. കഴിഞ്ഞ ബുധനാഴ്ച പശു കുറുകെച്ചാടി ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന കുരുന്ന് മരിച്ചു. കോട്ടത്തറ പോക്കാട്ടുചിറ വീട്ടിലെ അഞ്ചുവയസ്സുകാരി ജുവന്നയാണ് മരിച്ചത്. ജുവന്നയുടെ മുത്തശ്ശി മേരി ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
കോട്ടത്തറമുതൽ ആനക്കട്ടി വരെയുള്ള പ്രദേശങ്ങളിലാണ് അലക്ഷ്യമായി അലയുന്ന കന്നുകാലികളെ കൊണ്ടുള്ള ശല്ല്യം രൂക്ഷമാകുന്നത്. ഇവയെ ഉടമകൾ അഴിച്ചുവിട്ടിരിക്കുകയാണ്. രാത്രി റോഡിൽതന്നെയാണ് ഇവ കഴിയുന്നത്. നിരവധി ഇരുചക്ര, മുച്ചക്ര വാഹനയാത്രികർക്ക് ഇവമൂലമുണ്ടായ അപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.
അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഷോളയൂർ പഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂർത്തി പറഞ്ഞു.