മണ്ണാർക്കാട്: തൊടുകാപ്പുകുന്ന് വിനോദ സഞ്ചാര കേന്ദ്രം നവീകരണത്തിനു ശേഷം തുറന്നു. ഉല്ലസിക്കാനും വിശ്രമിക്കാനും കാഴ്ചകൾ കാണാനും സന്ദർശകർക്ക് ഏറെ സൗകര്യങ്ങളൊരുക്കിയാണ് കേന്ദ്രം തുറന്നു കൊടുത്തിട്ടുള്ളത്.
മണ്ണാർക്കാട് വനവികസന ഏജൻസിക്ക് കീഴിലാണ് തൊടുകാപ്പുകുന്ന് ഇക്കോ ടൂറിസം സെന്റർ പ്രവർത്തിക്കുന്നത്.
ചിൽഡ്രൻസ് പാർക്കിലെ അഞ്ച് റൈഡുകളുടെ നവീകരണം പൂർത്തിയാക്കി. സന്ദർശകരുടെ സുരക്ഷയ്ക്കായി മുളങ്കൂട്ടങ്ങൾക്കു ചുറ്റും കമ്പിവേലിയും മയിലാടിപ്പാറ വ്യൂ പോയിന്റുവരെ വനത്തിലൂടെ സന്ദർശകർ കടന്നുപോകുന്ന ഭാഗത്ത് നടപ്പാതയും നിർമിച്ചിട്ടുണ്ട്.
പ്രകൃതിപഠനക്ലാസുകൾ ഉൾപ്പെടെയുള്ള പരിപാടികൾ നടത്തുന്നതിനുള്ള സൗകര്യങ്ങൾ, സന്ദർശകർക്ക് വനോത്പന്നങ്ങൾ ലഭിക്കുന്നതിനായി വനശ്രീ ഇക്കോഷോപ്പ്, ഭക്ഷണശാല എന്നിവയും ഒരുക്കിയിട്ടുണ്ട്.
നവീകരിച്ച വിനോദ സഞ്ചാര കേന്ദ്രത്തിന്റെ ഉദ്ഘാടനം തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എ. സലിം നിർവഹിച്ചു. ഡി.എഫ്.ഒ. എം.കെ. സുർജിത് അധ്യക്ഷനായി. റെയ്ഞ്ച് ഓഫീസർ എൻ. സുബൈർ, പഞ്ചായത്ത് അംഗങ്ങളായ പി.ടി. സഫിയ, ഇ.എം. നവാസ്, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ സുനിൽകുമാർ, വി.എസ്.എസ്. പ്രസിഡന്റ് അഷ്‌റഫ്, മുഹമ്മദലി, അറഞ്ഞിക്കൽ ബക്കർ, എസ്.എഫ്.ഒ. ഹബ്ബാസ് ബി.എഫ്.ഒ. കെ.കെ. മുഹമ്മദ് സിദ്ദിഖ് എന്നിവർ സംസാരിച്ചു. വിവരങ്ങൾക്ക്: 8547602339