മണ്ണാർക്കാട് താലൂക്ക് ഹോസ്പിറ്റലിൽ നഗരസഭ പ്രദേശത്ത് താമസിക്കുന്നവർക്ക് മുൻഗണന നൽകിക്കൊണ്ട് പുതിയൊരു ഡയാലിസിസ് മെഷീൻ കൂടി സ്ഥാപിച്ച മണ്ണാർക്കാട് നഗരസഭയെ സേവ് മണ്ണാർക്കാട് ചാരിറ്റബിൾ ട്രസ്റ്റ് അഭിനന്ദിച്ചു. കഴിഞ്ഞ നഗരസഭ ഇലക്ഷൻ സമയത്ത് നഗരസഭയിലേക്ക് മൽസരിക്കുന്ന എല്ലാ സ്ഥാനാർത്ഥികൾക്കും ജനങ്ങളോട് സംവദിക്കാനായി സേവ് മണ്ണാർക്കാടിന്റെ നേതൃത്വത്തിൽ വോട്ട് വണ്ടിയെന്ന ഒരു പ്ലാറ്റ്ഫോം ഒരുക്കിയിരുന്നു. അതിന് ശേഷം പുതിയ ഭരണസമിതി നിലവിൽ വന്നപ്പോൾ ജനങ്ങളിൽ നിന്ന് സംഭരിച്ച അഭിപ്രായങ്ങൾ വികസനരേഖയായി ഭരണമുന്നണിക്ക് നൽകിയിരുന്നു. അതിൽ പ്രധാനമായത് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ആവശ്യമായ ഡയാലിസിസ് മെഷീനുകൾ വേണമെന്നായിരുന്നു. ആ ആവശ്യം പൂർത്തീകരിക്കപ്പെടുന്ന സന്തോഷത്തിലാണ് സേവ് മണ്ണാർക്കാട് പ്രവർത്തകരും ജനങ്ങളും
കിഡ്നി രോഗികൾ നിത്യേന വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അശരണരായ രോഗികൾ ഡയാലിസിനായി വേണ്ടി മാത്രം ഏറെ ദൂരം യാത്ര ചെയ്യേണ്ടി വരുന്നതും, ഡയാലിസിസിനായി വലിയ പണ ചിലവ് ഉണ്ടാകുന്നതും ഇത് മൂലം ഒഴിവാക്കുവാനാകുമെന്നും ഇത്തരത്തിലുള്ള ജനോപകാരപ്രദമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന മണ്ണാർക്കാട് നഗരസഭയേയും, ചെയർമാൻ സി. മുഹമ്മദ് ബഷീറിനേയും അഭിനന്ദിക്കുന്നുവെന്നും സേവ് മണ്ണാർക്കാട് ചെയർമാൻ ഫിറോസ് ബാബു പറഞ്ഞു
നഗരസഭയുടെ രണ്ടാമത്തെ ഡയാലിസിസ് മെഷീനാണ് ഈ ഭരണസമിതിയുടെ കാലഘട്ടത്തിൽ ജനങ്ങൾക്കായി നൽകിയത്.