അട്ടപ്പാടിയില്‍ കഞ്ചാവ് വേട്ട; എട്ട് കിലോയിലധികം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

അഗളി: സ്‌കൂട്ടറില്‍ കടത്തിയ 8.290 കിലോ കഞ്ചാവുമായി രണ്ട് പേര്‍ എക്‌സൈസിന്റെ പിടിയിലായി. ഒരാള്‍ ഓടിരക്ഷപ്പെട്ടു. വാഹനം കസ്റ്റഡിയിലെടുത്തു. കോട്ടത്തറ വട്ടലക്കി ലക്ഷം വീട് കോളനിയിലെ സെല്‍വരാജ് (42), ശിവകുമാര്‍ (29) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് രണ്ടേ മുക്കാലോടെ പാലക്കാട് ഇന്റലിജന്‍സ് ബ്യൂറോ യൂണിറ്റുമായി ചേര്‍ന്ന് അഗളി റെയ്ഞ്ച് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്തിന്റെ നേതൃത്വത്തില്‍  നടത്തിയ പരിശോധനയില്‍ വട്ടലക്കി -വീട്ടിക്കുണ്ട് റോഡില്‍ വെച്ചാണ് കഞ്ചാവ്  കടത്ത് പിടികൂടിയത്. 

സമീപകാലത്ത് അട്ടപ്പാടിയില്‍ നടക്കുന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. ടിവിഎസ് സ്‌കൂട്ടറില്‍ ചാക്കുകളിലാക്കിയാണ് കഞ്ചാവ് കടത്തിയത്. കോട്ടത്തറ,വട്ടലക്കി ഭാഗങ്ങളില്‍ ചില്ലറ വില്‍പ്പന ലക്ഷ്യമിട്ട് കൊണ്ട് പോയ കഞ്ചാവാണിതെന്നാണ് എക്‌സൈസിന്റെ നിഗമനം. പിന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായും എക്‌സൈസ് സംശയിക്കുന്നു.സംഭവത്തില്‍ എന്‍ഡിപിഎസ് നിയമപ്രകാരം കേസെടുത്ത് അന്വേഷണമാരംഭിച്ചു.രക്ഷപ്പെട്ടയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതപ്പെടുത്തി. 

എക്‌സൈസ് മണ്ണാര്‍ക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ബി.ആദര്‍ശ് സ്ഥലത്തെത്തിയിരുന്നു. ഇന്റലിന്‍സ് ബ്യൂറോ യൂണിറ്റ് പ്രിവന്റീവ് ഓഫീസര്‍ ആര്‍.എസ്.സുരേഷ്, അഗളി റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ എ.എസ് പ്രവീണ്‍കുമര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ആര്‍.പ്രദീവ്, എ.കെ.രജീഷ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.ഉമ രാജേശ്വരി, ഡ്രൈവര്‍ ടി.എസ്.ഷാജിര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال