കാറുകളും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

മണ്ണാർക്കാട്: കുമരംപുത്തൂർ - ഒലിപ്പുഴ സംസ്ഥാന പാതയിൽ കോട്ടോപ്പാടത്തിനു സമീപം രണ്ടു കാറുകളും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. കാർ യാത്രികരായ എടത്തനാട്ടുകര പടിഞ്ഞാറേപള്ള സുമയ്യ (38), മകൾ ഹനിയ നസ്‌റിൻ (15), ആയിഷ (69) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരുടെയും പരിക്ക് സാരമുള്ളതല്ല. അപകടത്തിൽപ്പെട്ട ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ പൂമുഖത്തിനടുത്താണ് വീണത്. ആ സമയം പരിസരത്താരുമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി

കോട്ടോപ്പാടം എ.ബി. റോഡ് ജങ്ക്ഷനു സമീപം ഞായറാഴ്ച വൈകീട്ട് മൂന്നേ മുക്കാലോടെയാണ് അപകടമുണ്ടായത്. മണ്ണാർക്കാട്ടുനിന്ന്‌ കോട്ടോപ്പാടം ഭാഗത്തേക്ക് വരികയായിരുന്ന കാറും ബൈക്കും മണ്ണാർക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണാർക്കാട് പോലീസ് സ്ഥലത്തെത്തി.
ഒരുമാസത്തിനിടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിനും നാട്ടുകല്ലിനും ഇടയിൽ  ഇരുപതിലധികം അപകടങ്ങളാണ് നടന്നത്. ഈ കാലയളവിൽ 3 പേരുടെ ജീവൻ നഷ്ടമായി എന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. മഴ സമയങ്ങളിലാണ് ഭൂരിപക്ഷം അപകടങ്ങളും. വാഹനങ്ങളുടെ നിയന്ത്രണം വിടുന്നതും അമിതവേഗവും അശ്രദ്ധയും അപകടങ്ങൾക്ക് കാരണമാകുന്നു. രാത്രിയിൽ റോഡിലെ വെളിച്ചക്കുറവും മഴവെള്ളം റോഡിലൊഴുകുന്നതും അപകടങ്ങൾക്ക് കാരണമാകുന്നതായി പറയുന്നു. 
Previous Post Next Post

نموذج الاتصال