പത്തുവയസുകാരനെ അതിക്രൂരമായി മർദിച്ച സംഭവം; മണ്ണാർക്കാട് പോലീസ് കേസെടുത്തു

മണ്ണാർക്കാട്: പഠനത്തിൽ പിന്നോക്കം പോയെന്ന പേരിൽ  പത്തുവയസ്സുകാരനെ അച്ഛൻ മർദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ അമ്മയുടെ പരാതിപ്രകാരം മണ്ണാർക്കാട് പോലീസ് കേസെടുത്തു. പാലക്കാട് ചൈൽഡ് ലൈൻ അധികൃതരും സ്ഥലത്തെത്തി കുട്ടിയിൽനിന്നും അമ്മയിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. മണ്ണാർക്കാട് തോരാപുരം സ്വദേശിനിയുടെ മകനാണ് സ്വന്തം അച്ഛന്റെ ക്രൂരതയ്ക്ക് ഇരയായത്. കോയമ്പത്തൂരിലെ മധുക്കര മൈൽകല്ലിലുള്ള വീട്ടിൽ ഒരാഴ്ചമുൻപായിരുന്നു സംഭവം. തുടർന്ന് പരാതിയുമായി കുട്ടിയുടെ മാതാവ് മണ്ണാർക്കാട് പോലീസ് സ്‌റ്റേഷനിലെത്തിയെങ്കിലും തമിഴ്നാട് പോലീസിൽ പരാതി നൽകാനായിരുന്നു നിർദേശം. നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പോലീസ് ഇത്തരത്തിൽ നിർദേശം നൽകിയത്.


എന്നാൽ കുട്ടിയുമായി മധുരക്കരയിലെത്തി പരാതി നൽകാനുള്ള ഭയവും കൂടെവരാൻ ആരുമില്ലെന്ന കാരണത്താലും തമിഴ്‌നാട് പോലീസിൽ പരാതി നൽകിയില്ല. ഇതേത്തുടർന്നാണ് യുവതിയുടെ പരാതിയിൽ ഭർത്താവ് ഷൺമുഖരാജിന്റെ പേരിൽ തിങ്കളാഴ്ച മണ്ണാർക്കാട് പോലീസ് കേസെടുത്തത്. നടപടിക്രമങ്ങൾക്കായി സംസ്ഥാനത്തെ ഡി.ജി.പി.ക്കും അവിടെനിന്നും ചെന്നൈ ഡി.ജി.പി.ക്കും റിപ്പോർട്ട് പോകുമെന്ന് മണ്ണാർക്കാട് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ അറിയിച്ചു.

പാലക്കാട് ശിശുസംരക്ഷണ യൂണിറ്റ് സൂപ്പർവൈസർ ആഷ്‌ലിൻ ഷിബുവിന്റെ നേതൃത്വത്തിൽ സമീപത്തെ അങ്കണവാടി അധ്യാപികയോടൊപ്പം തിങ്കളാഴ്ച കുട്ടിയുടെ വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇവർക്കാവശ്യമായ നിയമസഹായങ്ങളും ഏർപ്പെടുത്തിയതായി കോ-ഓർഡിനേറ്റർ അനസ് മുഹമ്മദ് അറിയിച്ചു. ഇരകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ‘വിശ്വാസ്’ സംഘടനയുടെ അംഗങ്ങളും കഴിഞ്ഞദിവസം കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. കുട്ടിയുടെ പഠനച്ചെലവ്, ചികിത്സാച്ചെലവ് എന്നിവയ്ക്കുള്ള ശ്രമം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. കുട്ടിയെ മണ്ണാർക്കാട്ടുനിന്ന് കൊണ്ടുപോയ പിതാവ്, പഠനത്തിൽ പിന്നാക്കമാണെന്ന കാരണംപറഞ്ഞാണ് കുട്ടിയെ ശകാരിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തതായി പറയുന്നത്. വായിൽ തുണിതിരുകി കൈകൾ കെട്ടിയിട്ട് മർദിക്കുകയും മടവാൾ കൊണ്ട് അടിക്കുകയും ചട്ടുകം ചൂടാക്കി പൊള്ളലേൽപ്പിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. കുട്ടിയുടെ കാലുകളുടെ മുന്നിലും പിന്നിലും തുടയിലും പൊള്ളലേറ്റ പോലത്തെ പാടുകളുണ്ട്.
Previous Post Next Post

نموذج الاتصال