പത്തുവയസ്സുകാരന് പിതാവിന്റെ ക്രൂരമർദനമെന്ന് പരാതി

മണ്ണാർക്കാട്: പഠനത്തിൽ പിന്നാക്കം പോയതിന്റെ പേരിൽ പത്ത് വയസ്സുകാരനെ പിതാവ്   അതി ക്രൂരമായി ഉപദ്രവിച്ചതായി പരാതി. ചട്ടുകംചൂടാക്കി ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും മർദിക്കുകയും ചെയ്തെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. കോയമ്പത്തൂരിലെ മധുക്കരയ്ക്കടുത്തുള്ള വീട്ടിൽവച്ച് ഒരാഴ്ചമുൻപാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു. പരാതിയുമായി കുട്ടിയുടെ അമ്മ വെള്ളിയാഴ്ച വൈകുന്നേരം മണ്ണാർക്കാട് പോലീസ് സ്‌റ്റേഷനിലെത്തിയെങ്കിലും തമിഴ്നാട് പോലീസിൽ പരാതി നൽകാൻ നിർദേശിക്കുകയായിരുന്നു. മണ്ണാർക്കാട് തോരാപുരം സ്വദേശിനിയുടെ മകനാണ് പിതാവിന്റെ ഉപദ്രവങ്ങൾക്ക് ഇരയായത്.


13 വർഷം മുൻപാണ് തമിഴ്നാട് സ്വദേശിയുമായി യുവതിയുടെ വിവാഹം നടന്നത്. നാലുമക്കളാണ് ദമ്പതികൾക്കുള്ളത്. മൂന്നുവർഷമായി യുവതി ഭർത്താവുമായി അകന്ന് മണ്ണാർക്കാട് വാടകവീട്ടിലാണ് താമസം. മക്കളെല്ലാം മണ്ണാർക്കാട്ടെ സ്‌കൂളിലാണ് പഠിക്കുന്നത്. ഇടയ്ക്ക് തമിഴ്നാട് സ്വദേശി കുട്ടികളെ കാണുന്നതിനായി വരാറുണ്ട്. ഇടയ്ക്ക് പത്തുവയസ്സുകാരനെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്യാറുണ്ട്.


ഒരു മാസംമുൻപാണ് അവസാനമായി കുട്ടിയെ മണ്ണാർക്കാട്ടുനിന്ന് കൊണ്ടുപോയത്. പിന്നീട് മധുക്കരയിലുള്ള സ്‌കൂളിൽ ചേർത്തതായും പറയുന്നു. ട്യൂഷനും അയയ്ക്കുന്നുണ്ട്.

പഠനത്തിൽ പിന്നാക്കമാണെന്നുപറഞ്ഞ് കുട്ടിയെ ശകാരിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തതായി പറയുന്നത്. വായിൽ തുണി തിരുകി കൈകൾ കെട്ടിയിട്ട് മർദിക്കുകയും മടവാൾ കൊണ്ട് അടിക്കുകയും ചട്ടുകം ചൂടാക്കി പൊള്ളലേൽപ്പിക്കുകയും ചെയ്തുവെന്ന് കുട്ടി പറയുന്നു. കുട്ടിയുടെ കാലുകളുടെ പിന്നിലും മുന്നിലും തുടയിലും പൊള്ളലേറ്റ മുറിവുകളുണ്ട്.


സംഭവശേഷം യുവതിയെ വിളിച്ച് കുട്ടിയെ കൊണ്ടുപോകാൻ ഇയാൾ ആവശ്യപ്പെടുകയായിരുന്നു. അയൽവാസിയെ വിളിച്ച് അമ്മ കാര്യമന്വേഷിച്ചു. ട്യൂഷൻ അധ്യാപികയുടെ വീഡിയോ കോളിലൂടെ കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റതും കണ്ടു.

ആവശ്യപ്പെട്ടപ്രകാരം ഇയാൾ കഴിഞ്ഞദിവസം കുട്ടിയുമായി എത്തി. സ്‌കൂളിൽ കുട്ടിയുമായി എത്തിയപ്പോൾ മുറിവുകൾകണ്ട അധികൃതർ പരാതിനൽകാൻ നിർദേശിക്കുകയായിരുന്നു. നടപടിക്രമങ്ങൾ വേഗത്തിലാകാനാണ് തമിഴ്‌നാട് പോലീസിൽ പരാതിനൽകാൻ നിർദേശിച്ചതെന്ന് മണ്ണാർക്കാട് ഇൻസ്‌പെക്‌ടർ അറിയിച്ചു.
Previous Post Next Post

نموذج الاتصال