എം.ഇ.എസ്. കോളേജിൽ വിദ്യാർഥിസംഘർഷം; നാലുപേർക്കു പരിക്കേറ്റു

                    പ്രതീകാത്മക ചിത്രം

മണ്ണാർക്കാട്: എം.ഇ.എസ്. കല്ലടി കോളേജിൽ വിദ്യാർത്ഥി സംഘർഷം, നാലുപേർക്ക് പരിക്കേറ്റു.  എടത്തനാട്ടുകര കാവുംതൊടി വീട്ടിൽ സുധീഷ് (19), കോട്ടോപ്പാടം നെല്ലിക്കുന്ന് വീട്ടിൽ ഇംദാദ് (20), മണ്ണാർക്കാട് കുന്തിപ്പുഴ പാറയ്ക്കൽ വീട്ടിൽ മുഹമ്മദ് സാനീർ (17), എടത്തനാട്ടുകര വട്ടമണ്ണപ്പുറം ചാലയിൽ വീട്ടിൽ മുഹമ്മദ് ഉബൈസ് (18) എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവരും ഒന്നാംവർഷ വിദ്യാർഥികളാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് 12.45-നാണ് സംഭവം. കോളേജിലെ ഡിഗ്രി ആദ്യവർഷ, രണ്ടാംവർഷ വിദ്യാർഥികൾ തമ്മിലാണ് ഏറ്റുമുട്ടിയത്. കഴിഞ്ഞദിവസവും ഇരുവിഭാഗവും തമ്മിൽ പ്രശ്‌നമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ബുധനാഴ്ചയുണ്ടായ സംഘർഷം. കല്ലും കത്തിയും വടിയും ബിയർകുപ്പിയും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പറയുന്നു.
ഒരു വിദ്യാർഥിയുടെ ചെവിയിൽ കത്തികൊണ്ട് മുറിവേറ്റു. ബിയർകുപ്പി ഉപയോഗിച്ച് ഒരുവിദ്യാർഥിയുടെ തലയ്ക്കടിക്കുകയും ചെയ്തു. പരിക്കേറ്റവരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ കോളേജ് അധികൃതർക്ക് പരാതി നൽകി.

സംഭവത്തിൽ കോളേജ് അധികൃതർ മണ്ണാർക്കാട് പോലീസിന് പരാതി നൽകി. കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടതായും പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി രണ്ടാംവർഷ വിദ്യാർഥികളായ 18 പേരെ 15 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തതായും പ്രിൻസിപ്പൽ ഡോ. സി. രാജേഷ് അറിയിച്ചു.സംഭവത്തിൽ കണ്ടാലറിയുന്ന പത്തുപേർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
Previous Post Next Post

نموذج الاتصال