മണ്ണാർക്കാട്: കുളപ്പാടത്തു വീടിനു തീപിടിച്ച് വൻ നാശനഷ്ടം. പൂന്തിരുത്തിക്കുന്ന് കരുവാൻകുന്നിൽ പത്മിനിയുടെ വീടിനാണു തീപിടിച്ചത്. വീട്ടുപകരണങ്ങളും അലമാരയും കത്തിനശിച്ചു. അലമാരക്കുള്ളിൽ സൂക്ഷിച്ചിരുന്ന ആധാരവും റേഷൻ കാർഡും വീട്ടമ്മയുടെ മരുന്ന് ചീട്ടുകൾ ഉൾപ്പെടെയുള്ള രേഖകളും തുണികളും കത്തിപ്പോയി. എന്താണ് സംഭവിച്ചതെന്ന് അറിയില്ല എന്ന് പറഞ്ഞ് പത്മിനിയമ്മ വിങ്ങിപൊട്ടിയത് കണ്ടു നിന്നവരുടേയും മനസ്സ് നൊമ്പരപ്പെടുത്തി.
വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. വീടിന്റെ മുറിയോടു ചേർന്നുള്ള മെയിൻ സ്വിച്ചിൽനിന്ന് തീ പടരുകയായിരുന്നു. ചുമരിനോടു ചേർന്നുള്ള കിടക്കയ്ക്കും കട്ടിലിനും തീപിടിച്ചു. പിന്നീട് അലമാരയും ഓടിട്ട വീടിന്റെ കഴുക്കോലുകളും പട്ടികയും കത്തിനശിക്കുകയായിരുന്നു. ഒരു മുറി പൂർണമായും അഗ്നിക്കിരയായി.ഷോർട്ട് സർക്യൂട്ടിനെത്തുടർന്നാണു തീപ്പിടിത്തം. 5,000 രൂപയും കത്തിനശിച്ചെന്നും രണ്ടുലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായെന്നും വീട്ടുകാർ പറയുന്നു. സംഭവസമയം പത്മിനി പുറത്തുപോയിരുന്നു. മരുമകൾ പവിത്ര വീടിനു പുറത്തു മറ്റുജോലികളിലുമായിരുന്നു.
വിവരമറിയിച്ചതിനെത്തുടർന്ന് അയൽവാസികളും നാട്ടുകാരും ഓടിയെത്തിയാണു രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. പഞ്ചായത്ത്, വില്ലേജ് ഓഫീസ് അധികൃതരും തദ്ദേശ ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു.