പാലക്കാട്: തെരുവുനായയെ അടിച്ചുകൊന്നതിന് പത്തിരിപ്പാല സ്വദേശി സെയ്തലവിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് നാട്ടുകാരുടെ മനുഷ്യച്ചങ്ങല. കഴിഞ്ഞ മാസമാണ് നായുടെ ആക്രമണത്തിൽനിന്ന് 65കാരനെ രക്ഷിക്കാനായി സെയ്തലവി തെരുവുനായയെ അടിച്ചുകൊല്ലുന്നത്. പത്തിരിപ്പാലയിൽനിന്ന് ഇരുചക്ര വാഹനത്തിൽ വന്നിരുന്ന അകലൂർ കായൽപള്ള പണ്ടാരതൊടി വീട്ടിൽ മോഹനനെ നായ് ആക്രമിക്കുകയായിരുന്നു.
കടിയേറ്റ മോഹനൻ താഴെവീണു. തുടർന്നും നായ് ഇയാളെ കടിച്ചു. ഈ സമയത്താണ് സമീപത്ത് നിന്ന സെയ്തലവി ഓടിയെത്തി മോഹനനെ രക്ഷിക്കാൻ ശ്രമിച്ചത്. ഇടതുകാലിൽ സാരമായി പരിക്കേറ്റ മോഹനൻ ജില്ല ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ തെരുവുനായയെ അടിച്ചുകൊന്നതിന് സെയ്തലവിക്കെതിരെ ഒറ്റപ്പാലം പൊലീസ് കേസ് രെജിസ്റ്റർ ചെയ്തു. ഇതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ മനുഷ്യച്ചങ്ങല തീർക്കുകയായിരുന്നു.