മുണ്ടൂർ: കുളിക്കാൻ ഇറങ്ങി കുളത്തിൽ അകപ്പെട്ട 4 പേരെ ജീവിതത്തിലേക്കു തിരികെ കയറ്റി ഒടുവങ്ങാട് പൊട്ടു പാറയ്ക്കൽ വീട്ടിൽ മധു (29). ഫൊട്ടോഗ്രഫറായ മധു വിവാഹവുമായി ബന്ധപ്പെട്ട ഹൽദി ഷൂട്ടിങ്ങിനു പോകാനായി വീട്ടിൽ നിന്നു തിരിച്ചതായിരുന്നു. യാത്രാ വഴിയിലാണു മോഴികുന്നം നെടുങ്ങാണി കുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഉൾപ്പെട്ട നാലംഗ സംഘം വെളളത്തിൽ മുങ്ങിത്താഴുന്നതു കാണാനിടയായത്. മധു ഒരു നിമിഷം പാഴാക്കാതെ രക്ഷാപ്രവർത്തനത്തിനിറങ്ങി. 4പേരെയും കരയിലേക്കു കയറ്റി. ചെറിയ തോതിൽ വെള്ളം കുടിച്ചതല്ലാതെ 4 പേർക്കും കാര്യമായ പ്രശ്നങ്ങൾ ഉണ്ടായില്ല. തക്കസമയത്തുള്ള ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.
നേരത്തേ വെള്ളം കുറവായിരുന്ന കുളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളം ഉയർന്നിരുന്നു. നാലാം ക്ലാസിൽ പഠിക്കുന്ന കാലത്ത് കുളത്തിൽ
കാൽ തെന്നി വീണ സുഹൃത്ത് ശരത്തിനെ മധു രക്ഷിച്ചിരുന്നു. അന്നു ധീരതയ്ക്കു കലക്ടറിൽ നിന്നു പാരിതോഷികവും അനുമോദനവും ലഭിച്ചിട്ടുണ്ട്. സ്കൂൾ പഠനകാലത്ത് കായിക താരമാ യിരുന്ന മധു ദേശീയ തലത്തിൽ മത്സരിച്ചു വിജയം നേടിയിട്ടുണ്ട്.