മണ്ണാര്‍ക്കാട്: ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കാറില്‍ എത്തിച്ച് നല്‍കിയില്ലെന്നാരോപിച്ച് ഹോട്ടലുടമയെ മര്‍ദിച്ചു. കടയും തകര്‍ത്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. നാട്ടുകൽ 53ാം മൈൽ റോഡരികില്‍ യാസ് കഫേ നടത്തുന്ന യുവാവിനാണ് മര്‍ദനമേറ്റത്. കാറിലെത്തിയ യുവാക്കൾ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയും പുറത്തുനിര്‍ത്തിയ കാറിലേക്ക് ഭക്ഷണം എത്തിച്ചു തരാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
എന്നാൽ കടയുടമ ഇതിന് തയ്യാറായില്ല. ഇതോടെ അക്രമാസക്തരായ യുവാക്കള്‍ ഇദ്ദേഹത്തോട് തട്ടിതയറുകയും തുടര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. കടയുടമയെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയ തൊഴിലാളിക്കും മര്‍ദനമേറ്റു. കടയിലെ ഫര്‍ണ്ണിച്ചറുകളും ഗ്ലാസുകളും സംഘം തകര്‍ത്തു. ഏകദേശം 50,000 രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് നിഗമനം. കടയുടമയുടെ പരാതി പ്രകാരം ആറ് പേര്‍ക്കെതിരെ നാട്ടുകല്‍ പൊലീസ് കേസെടുത്തു. പ്രതികളെ പിടികൂടാനായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.