ഒറ്റപ്പാലം: ചുനങ്ങാട് പിലാത്തറയിൽ പൂട്ടിയിട്ടവീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ അറസ്റ്റിലായ സുനാമി ജെയ്സണെ സ്ഥലത്തെത്തിച്ചു തെളിവെടുത്തു. നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയാണ് തൃശൂർ ചാലക്കുടി സ്വദേശി ജെയ്സൺ എന്ന സുനാമി ജെയ്സൺ. ആളില്ലാത്ത വീടുകളിൽ മാത്രം മോഷണം നടത്തുന്ന പ്രതി വീടിനു മുൻപിൽ ന്യൂസ് പേപ്പർ എടുക്കാതെ കിടക്കുന്നതായി കണ്ടാൽ ആളില്ല എന്നുറപ്പിച്ച് ആ വീട്ടിൽ മോഷണം നടത്തുന്നതാണ് രീതി. പ്രതിക്കെതിരെ മുൻപ് ചാലക്കുടി, കൊടകര, കൊടുങ്ങല്ലൂർ, പാലക്കാട്, എറണാകുളം എന്നീ സ്ഥലങ്ങളിൽ മോഷണ കേസുകൾ ഉണ്ട്.
ചുനങ്ങാട് കവർച്ച നടന്ന വീട്ടിൽനിന്ന് ലഭിച്ച ജെയ്സണിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസിനു തുമ്പായത്. മറ്റൊരു കേസിൽ കുന്ദംകുളം പൊലീസിന്റെ പിടിയിലായി റിമാൻഡിൽ കഴിയുന്ന ജെയ്സണെ ജയിലിലെത്തിയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് തെളിവെടുപ്പിനായി കോടതിമുഖേന കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ചുനങ്ങാട് പിലാത്തറ ആന്തൂർകുന്നത്ത് മനയിൽ സുധീറിന്റെ വീട്ടിൽനിന്നും 4 പവൻ സ്വർണവും 10,000 രൂപയും 2 ജോഡി വെള്ളി പാദസ്വരങ്ങളും കവർന്ന കേസിലായിരുന്നു തെളിവെടുപ്പ്. മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്തതും വീട്ടിലേക്ക് കയറിയതും സംബന്ധിച്ചു ജെയ്സൺ പൊലീസിനോടു വിശദീകരിച്ചു. വീടിന്റെ പിന്നിൽനിന്ന് ആയുധം എടുത്താണ് വാതിൽ പൊളിച്ചതെന്നാണു മൊഴി. പുലർച്ചെ 4 മണിയോടെയാണ് മോഷണത്തിനെത്തിയതെന്നും വീട്ടിലെ എല്ലാമുറികളിലും കയറിയെന്നും ജെയ്സൺ പൊലീസിനോടു പറഞ്ഞു. മോഷ്ടിച്ച മുതലുകൾ 52,000 രൂപയ്ക്കു വിറ്റതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി 25 ന് കുടുംബം വീടുപൂട്ടി ആറ്റുകാൽ പൊങ്കാല ചടങ്ങുകളിൽ പങ്കെടുക്കാൻപോയ സമയത്തായിരുന്നു കവർച്ച. . ഒറ്റപ്പാലം എഎസ്പി രാജേഷ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്