ഉദുമ: കിണറിൽ വീണ ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ച് കരുത്ത് കാട്ടി കാസർകോട് അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥ. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വുമൺ ട്രെയിനി അരുണ പി. നായരാണ് 50 അടി ആഴവും മൂന്നടി വെള്ളവുമുള്ള കിണറ്റിലിറങ്ങി ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തിയത്. ഉദുമ മാങ്ങാട്ടെ മുഹമ്മദലിക്കുഞ്ഞിന്റെ പറമ്പിലെ ആൾമറയുള്ള കിണറ്റിൽ അബദ്ധത്തിൽ വീണ ആട്ടിൻകുട്ടിയെയാണ് ഇവർ രക്ഷിച്ചത്. തിരുവനന്തപുരം വിളപ്പിൽശാലയിലെ അരുണ അഗ്നിരക്ഷാ സേനയിൽ ചേർന്നതിനു ശേഷം കിണറിലിറങ്ങിയുള്ള ആദ്യ രക്ഷാദൗത്യമായിരുന്നു ബുധനാഴ്ച നടത്തിയത്.
'കിണറിൽ ഇറങ്ങാൻ പേടിയുണ്ടായിരുന്നില്ലെന്നും ചൊവ്വാഴ്ച ഓഫീസിലെ കിണറിൽ ഏണിയിലിറങ്ങി പരിശീലനം നടത്തിയിരുന്നതായും അരുണ പറഞ്ഞു. അപകട സ്ഥലത്തെ കിണറിൽ ഇറങ്ങിയത് വലയിലായിരുന്നത് കൂടുതൽ ധൈര്യം പകർന്നു. ഒപ്പം സീനിയർ ഉദ്യോഗസ്ഥരുടെ പിന്തുണയും അവർ ഒപ്പമുണ്ടാകുമെന്ന വിശ്വാസവുമുണ്ടായിരുന്നു.' അവർ കൂട്ടിച്ചേർത്തു.
ബിരുദ പഠനത്തിന് ശേഷമാണ് ഈ ഇരുപത്തഞ്ചുകാരി അഗ്നിരക്ഷാ സേനയിൽ ട്രെയിനിയായി ചേരുന്നത്. മാർച്ച് 25-നാണ് കാസർകോട് അഗ്നിരക്ഷാ നിലയത്തിൽ എത്തിയത്. മൂന്ന് വനിതകളും ഒപ്പമുണ്ടായിരുന്നു. വിയ്യൂരിലെ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാദമിയിൽ ആറു മാസത്തെ അടിസ്ഥാന പരിശീലനം നേടിയതിന് ശേഷമാണ് സ്റ്റേഷൻ പരിശീലനത്തിനായി കാസർകോടേക്ക് എത്തിയത്. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന അരുണയ്ക്ക് പട്ടാളത്തിലോ പോലീസിലോ ചേരണമെന്നായിരുന്നു ആഗ്രഹമെങ്കിലും പി.എസ്.സി. പരീക്ഷ എഴുതി കിട്ടിയത് അഗ്നിരക്ഷാസേനയിലായിരുന്നു. ഇവിടെയും രക്ഷാപ്രവർത്തനത്തിനിടയിലെ സാഹസികത ആസ്വദിക്കുന്നുണ്ടെന്നും ജോലിയുടെ ഭാഗമാണ് ഇതെല്ലാമെന്ന് മനസിലാക്കുന്നതായും ഇവർ പറയുന്നു