പാലക്കാട്: രാമശ്ശേരിയിലെ ക്വാറിയിൽ തലയോട്ടി കണ്ടെത്തി. ബുധനാഴ്ച വൈകുന്നേമാണ് ക്വാറിക്ക് സമീപം നാട്ടുകാർ തലയോട്ടി കണ്ടെത്തിയത്. കഴിഞ്ഞദിവസം വൈകിട്ട് ക്വാറിയിലെ കുളത്തിൽ മീൻ പിടിക്കാനെത്തിയവരാണ് തലയോട്ടി കണ്ടത്. തോർത്ത് ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ തലയോട്ടി തോർത്തിൽ കുരുങ്ങുകയായിരുന്നു. തുടർന്ന് സമീപവാസികളെയും പഞ്ചായത്ത് അംഗത്തെയും അറിയിച്ചു. ഇവരാണ് പോലീസിനെ വിവരമറിയിച്ചത്.
ഇന്നലെ വൈകിട്ട് 7 മണിക്കാണ് തലയോട്ടി കണ്ടെത്തിയ വിവരം ലഭിച്ചതെന്ന് കസബ എസ് ഐ പറഞ്ഞു. ക്വാറിയിലെ കുളത്തിൽ ശരീരവശിഷ്ടങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്നും എസ് ഐ അറിയിച്ചു. കഞ്ചിക്കോട് ഫയർ സ്റ്റേഷനിലെ സ്കൂബ ടീമിനെ സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തി വരികയാണ്. ക്വാറിയിൽ നിന്നും കണ്ടെത്തിയ തലയോട്ടി ഉടൻ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. മേഖലയിൽ സമീപകാലത്ത് കാണാതായവരേക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.