മണ്ണാർക്കാട്: മണ്ണാർക്കാട് ഉപജില്ല സ്കൂൾ കലോത്സവം നവംബർ 1 3 4 5 തീയ്യതികളിൽ കെടിഎം ഹൈസ്കൂളിലും ,ജിഎം യുപി സ്കൂളിലും, എ എൽ പി സ്കൂളിലുമായി നടക്കുമെന്ന് സംഘാടകസമിതി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
നവംബർ ഒന്ന് ശനിയാഴ്ച രാവിലെ 9 മണിക്ക് മണ്ണാർക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി അബൂബക്കർ പതാക ഉയർത്തി ഉപജില്ല സ്കൂൾ കലോത്സവത്തിന് തുടക്കം കുറിക്കും. കലോത്സവത്തിന്റെ ഉദ്ഘാടനം നവംബർ 3-ാം തീയ്യതി രാവിലെ 9.30 ന് മണ്ണാർക്കാട് MLA അഡ്വ N ഷംസുദ്ധീൻ നിർവ്വഹിക്കും. ഒറ്റപ്പാലം MLA അഡ്വ കെ പ്രേംകുമാർ അധ്യക്ഷത വഹിക്കും. കലോത്സവത്തിന്റെ സമാപന സമ്മേളനം നവംബർ 5 ന് വൈകുന്നേരം 4 മണിക്ക് നടക്കും. അഡ്വക്കേറ്റ് കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. മണ്ണാർക്കാട് മുൻസിപ്പൽ ചെയർമാൻ ശ്രീ സി മുഹമ്മദ് ബഷീൻ്റെ അധ്യക്ഷത വഹിക്കും
കേരളത്തിലെ ഏറ്റവും വലിയ ഉപജില്ലയായ മണ്ണാർക്കാട് നടക്കുന്ന കലോത്സവത്തിൽ 125 സ്കൂളുകളിൽ നിന്നായി 5348 പ്രതിഭകളാണ് 351 ഇനങ്ങളിലായി മത്സരിക്കുന്നത്. ഒക്ടോബർ 31 വെള്ളിയാഴ്ച്ച കലോൽസവത്തിൽ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ നടക്കും.മണ്ണാർക്കാട് ഉപജില്ലയിൽ പ്രത്യേകമായി കലോത്സവത്തിനോടൊപ്പം തന്നെ ഉറുദു കലോത്സവം തമിഴ് കലോത്സവവും നടക്കുന്നുണ്ട്. തമിഴ് കലോത്സവം ഇതേ ദിവസങ്ങളിൽ കൂടുതൽ തമിഴ് വിദ്യാർഥികൾ പഠനം നടത്തുന്ന അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിലെ മുട്ടത്ത്കാട് ഗവൺമെൻറ് ഹൈസ്കൂളിൽ വെച്ചാണ് നടക്കുന്നത്.
നാല് ദിവസങ്ങളിലായി 13 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ഭാരതത്തിലെ പ്രധാനപ്പെട്ട നദികളുടെ പേരിലാണ് 13 വേദികളും സജ്ജീകരിച്ചിരിക്കുന്നത്. എൽ പി വിഭാഗത്തിൽ നാല് സോണൽ കലോത്സവങ്ങൾ നടത്തിയാണ് ഉപജില്ല കലോത്സവത്തിൽ പ്രതിഭകളെ പങ്കെടുപ്പിക്കുന്നത് . കൃത്യമായ സമയക്രമം പാലിച്ച് സമയബന്ധിതമായി ഓരോ ദിവസവും പരിപാടികൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.
വിവിധ ഇനങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് വ്യക്തിഗത ട്രോഫികൾ നൽകുകയും ഓരോ വിഭാഗത്തിലും 1, 2, 3 സ്ഥാനങ്ങൾ ലഭിക്കുന്ന സ്കൂളുകൾക്ക് ഓവറോൾ ട്രോഫികളും നൽകുന്നു. കൂടാതെ എല്ലാ വിഭാഗങ്ങളിലുമായി പൊയിൻ്റ് നിലയിൽ 1, 2, 3 സ്ഥാനങ്ങൾ ലഭിക്കുന്ന സ്കൂളുകൾക്ക് ഓവറോൾ ട്രോഫിയും നൽകുന്നുണ്ട്.
കലോത്സവം നടക്കുന്ന നാലു ദിവസങ്ങളിലും പങ്കെടുക്കുന്ന കുട്ടികൾക്കും എസ്കോർട്ടിങ്ങ് ടീച്ചേഴ്സിനും സ്വാദിഷ്ടമായ ഭക്ഷണം നൽകുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.
കലോത്സവ നഗരിയിൽ ആവശ്യമെങ്കിൽ വൈദ്യസഹായം നൽകുന്നതിനുള്ള മെഡിക്കൽ ടീമുകളുടെ സേവനം മുഴുവൻ സമയവും ഉണ്ടായിരിക്കും.
മണ്ണാർക്കാടിന്റെ ഹൃദയഭാഗത്ത് കലോത്സവം നടക്കുന്നതുകൊണ്ട് ഗതാഗത കുരുക്ക് ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലും വാഹന പാർക്കിങ്ങിന് ആവശ്യമായ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പൂർണ്ണമായും ഹരിത പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് ഈ കലോത്സവം നടക്കുന്നത്.
പോലീസ്, ആരോഗ്യ പ്രവർത്തകർ ,ഹരിത കർമ്മ സേന ,സ്കൂളിലെ വിവിധ സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ സഹകരണം പൂർണമായും ഈ കലോത്സവം നടത്തിപ്പിന് ഉണ്ടായിരിക്കും.
കലോത്സവത്തിന്റെ സുഖമമായ നടത്തിപ്പിന് കലോൽസവം ചെയർമാൻ ശ്രി മുഹമ്മദ് ബഷീർ (മുൻസിപ്പൽ ചെയർമാൻ ) , ജനറൽ കൺവിനർ ശ്രീ മനോജ് കുമാർ ( ഹെഡ്മാസ്റ്റർ കെ ടി എം സ്കൂൾ ), ട്രഷറർ ശ്രി സി അബൂബക്കർ ( ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ) എനി വരുടെ നേതൃത്വത്തിൽ അധ്യാപകരെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി 12 സബ്ബ് കമ്മിറ്റികളാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.
പത്രസമ്മേളനത്തിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി അബൂബക്കർ , എച്ച് എം ഫോറം കൺവീനർ എസ്സ് ആർ ഹബീബുള്ള , ജോ : കൺവീനർ സിദ്ധിഖ് പാറോക്കോട്, പ്രചരണ കമ്മിറ്റി കൺവീനർ പി ജയരാജ് , മൻസൂർ അലി ടി പി , സി എൻ ശശിധരൻ , എ ശ്രീലാൽ തുടങ്ങിയവർ പങ്കെടുത്തു.