താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ടായി; ഡോക്ടർമാരുടെ ഭൂരിപക്ഷം ഒഴിവുകളും നികത്തി

മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ ഭൂരിപക്ഷം ഒഴിവുകളും നികത്തി.ംമാസങ്ങളായി ഒഴിഞ്ഞുകിടന്ന സൂപ്രണ്ട് തസ്തികയിൽ കഴിഞ്ഞദിവസം നിയമനമായി. ഡോ. മേരി ജ്യോതി വിത്സനാണ് പുതിയ സൂപ്രണ്ട്. ഗൈനക്കോളജി വിഭാഗത്തിലെ ഡോ. കലയ്ക്കായിരുന്നു ഇതുവരെ സൂപ്രണ്ടിന്റെ ചാർജ്. മുൻ സൂപ്രണ്ട് ഡോ. സീമാമു ഇക്കഴിഞ്ഞ മേയിലാണ് വിരമിച്ചത്.

നിലവിൽ, സൂപ്രണ്ട് ഉൾപ്പെടെ ആശുപത്രിയിൽ 15 ഡോക്ടർമാരുടെ സേവനമാണ് ഉറപ്പാക്കിയിട്ടുള്ളത്. അതേസമയം, നേത്രരോഗവിഭാഗത്തിൽ ഡോക്ടറെ നിയമിക്കാത്തതിനാൽ രോഗികൾ പ്രയാസപ്പെടുന്നുണ്ട്. അത്യാഹിതവിഭാഗം മെഡിക്കൽ ഓഫീസറുമില്ല. 

ത്വഗ്രോഗവിദഗ്ധന്റെ തസ്തിക നികത്തിയിട്ടുണ്ട്. മാസങ്ങളായി ഒഴിഞ്ഞുകിടന്ന ജനറൽ മെഡിസിൻ വിഭാഗത്തിലെ ഫിസിഷ്യന്റെ തസ്തികയിൽ താത്കാലികമായി ഡോക്ടറെ നിയമിച്ചത് ആശ്വാസമാണ്. അട്ടപ്പാടിയിലുള്ള ഡോക്ടർക്കാണ് ചുമതല. സൂപ്രണ്ടിന്റെയും സ്പെഷ്യലിസ്റ്റ് വിഭാഗം ഡോക്ടർമാരുടെയും അഭാവം കഴിഞ്ഞ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിൽ ചർച്ചയായിരുന്നു. ആശുപത്രിയുടെ ഭരണപരമായ കാര്യങ്ങൾ സൂപ്രണ്ടാണ് നിർവഹിക്കേണ്ടത്. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന രോഗികൾ സേവനം ലഭ്യമാകാതെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവന്നത് പ്രതിഷേധങ്ങൾക്ക് ഇടവരുത്തിയിരുന്നു. ഒപിയിലെ കണക്കുപ്രകാരം നിത്യേന ആയിരത്തിലധികം രോഗികളാണ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുന്നത്.
Previous Post Next Post

نموذج الاتصال