റേഷൻ വ്യാപാരികൾ ഇന്ന് താലൂക്ക് സപ്ലൈ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തും

മണ്ണാര്‍ക്കാട് : വേതന പാക്കേജ് പരിഷ്‌കരിക്കണമെന്നതുള്‍പ്പടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ഇന്ന് രാവിലെ 11ന്  താലൂക്ക് സപ്ലൈ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തുമെന്ന് റേഷന്‍ വ്യാപാരികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കെ.എസ്.എസ്.ആര്‍.ഡി.എ, എ.കെ.ആര്‍.ആര്‍.ഡി.എ. എന്നീ സംഘടനയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് സമരം നടത്തുന്നത്. സംസ്ഥാനത്തെ 95 ലക്ഷം കുടുംബങ്ങള്‍ക്ക് റേഷന്‍ നല്‍കുന്നത് ഇപ്പോള്‍ 13900ത്തോളം വരുന്ന റേഷന്‍ വ്യാപാരികളാണ്. മുന്‍പ് 14300 റേഷന്‍ കടകളുണ്ടായിരുന്നു.പലകാരണങ്ങളാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നതോടെ 400ഓളം റേഷന്‍വ്യാപാരികള്‍ക്ക് റേഷന്‍ കട ഉപേക്ഷിക്കേണ്ടതായി വന്നു. തുച്ഛമായ വരുമാനത്തില്‍ ജീവിച്ചുപോകാന്‍ പ്രയാസപ്പെടുകയാണ് റേഷന്‍ വ്യാപാരികള്‍.25000രൂപയില്‍ താഴെയാണ് കേരളത്തിലെ ഭൂരിഭാഗം റേഷന്‍ വ്യാപാരിക്കും കിട്ടുന്ന തുക. ഇതില്‍ കടയിലെ സെയില്‍സ്മാന്റെ ശമ്പളം, കടമുറി വാടക, വൈദ്യുതി ചാര്‍ജ്, അരിയില്‍ വരുന്ന തൂക്കകുറവ് എന്നിവയെല്ലാം കഴിയുമ്പോഴുണ്ടാകുന്ന വരുമാനം തുച്ഛമാണ്. 2018ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിമിതമായ വേതന പാക്കേജ് അടിയന്തിരമായി പരിഷ്‌കരിക്കുകയാണ് വേണ്ടത്. 70 വയസ്സ് കഴിഞ്ഞ റേഷന്‍ വ്യാപാരികള്‍ക്ക് ഒരു ആനുകൂല്ല്യവും ഇല്ലാതെ പിരിച്ചുവിടുന്നതിനെതിരെ കെ.ടി.പി.ഡി.എസ്. ക്ഷേമനിധി ഭേദഗതികള്‍ ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ അംഗീകരിക്കണം. വിരമിക്കല്‍ ആനുകൂല്യമോ മാന്യമായ പെന്‍ഷനോ നല്‍കാന്‍ സര്‍ക്കാര്‍ തയാറാകാതെയാണ് 70വയസ്സ് പൂര്‍ത്തീകരിച്ച റേഷന്‍ വ്യാപാരികളുടെ ലൈസന്‍സ് പുതുക്കി നല്‍കാതിരിക്കുന്നത്. റേഷന്‍ വ്യാപാരികളോട് സര്‍ക്കാര്‍ ചിറ്റമ്മ നയമാണ് കാണിക്കന്നതെന്നും സമരം സര്‍ക്കാരിനെതിരല്ലെന്നും റേഷന്‍ വ്യാപാരികള്‍ പറഞ്ഞു. കെ.ടി.പി.ഡി.എസ്. നിയമം പുന:പരിശോധിക്കുക, ക്ഷേമനിധിയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നടപ്പിലാക്കുക. റേഷന്‍കടകളിലെ സെയില്‍സ്മാന്‍ ജോലിക്ക് സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് കെ.എസ്.എസ്.ആര്‍.ഡി.എ. ജില്ലാ പ്രസിഡന്റ് വി.സുന്ദരന്‍, സെക്രട്ടറി സി.ജെ രമേഷ്, ട്രഷറര്‍ എം കാസിം, ടി.കെ സാലിഹ്, വി.കെ ഷാജഹാന്‍, കെ.പ്രമോദ്, കെ.ഹംസ, ഉമേഷ് എന്നിവര്‍ പറഞ്ഞു.
Previous Post Next Post

نموذج الاتصال