ബൈക്കിൽ കറങ്ങി നടന്ന് മോഷണം, പണം ഉപയോഗിച്ച് ആർഭാട ജീവിതം; മോഷ്ടാക്കൾ പിടിയിൽ

പാലക്കാട് ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ബൈക്കില്‍ കറങ്ങി നടന്ന് മോഷണം നടത്തുകയും സ്ത്രീകളുടെ മാല പൊട്ടിക്കുകയും ചെയ്ത കേസിലെ പ്രതികള്‍ തൃശ്ശൂരില്‍ പൊലീസ് പിടിയിലായി. വടക്കാഞ്ചേരി കല്ലംപറമ്പ് സ്വദേശി വടരാട്ടില്‍ വീട്ടില്‍ 24 വയസുള്ള അനുരാഗ്, കൊല്ലം ചന്ദനത്തോപ്പ് സ്വദേശി ചിറയില്‍ പുത്തന്‍വീട്ടില്‍ 31 വയസ്സുള്ള സാജു എന്ന സാജുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ പതിനൊന്നിന് മെഡിക്കല്‍ കോളേജ് പരിധിയില്‍ നിന്നും സ്ത്രീയുടെ മാല പൊട്ടിച്ച കേസിലെ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ മാസം ചാവക്കാട് വ്യാപാര സ്ഥാപനം നടത്തുന്ന ആളുടെ കൈയില്‍ നിന്ന് പണം അടങ്ങിയ ബാഗ് പിടിച്ചു പറിച്ച കേസിലും ഇവര്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. 'പുനലൂരിലും നിന്നും കൊല്ലത്ത് നിന്നും സ്ത്രീകളുടെ മാല പൊട്ടിച്ച കേസിലും കൊല്ലത്തു നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും ഇവര്‍ പ്രതികളാണെന്ന് തെളിഞ്ഞിട്ടുണ്ട്. അനുരാഗിന്റെ പേരില്‍ വിവിധ ജില്ലകളില്‍ മുപ്പതോളം മോഷണ കേസുകളുണ്ട്. സാജുവിന്റെ പേരില്‍ തൃശൂര്‍ ജില്ലയിലും പാലക്കാട് ജില്ലയിലും മോഷണ കേസുകള്‍ നിലവിലുണ്ട്.' മോഷണം നടത്തി കിട്ടുന്ന സ്വര്‍ണാഭരണങ്ങള്‍ വിറ്റ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും കറങ്ങി നടന്ന് ആര്‍ഭാട ജീവിതം നയിക്കുകയാണ് പ്രതികളുടെ രീതിയെന്നും പൊലീസ് അറിയിച്ചു..

Post a Comment

Previous Post Next Post