മുണ്ടൂർ : മുണ്ടൂർ ജങ്ഷനിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. പാലക്കയം പുതുപ്പറമ്പിൽ വീട്ടിൽ വിൻസ് ജോസ് (63), മക്കളായ ആശ വിൻസ് (26), അലീന വിൻസ് (23) എന്നിവർക്കാണ് പരിക്ക്. ഇവർ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിൻസ്‌ജോസിന്റെ വാരിയെല്ലുകൾക്കാണ് പരിക്ക്.
വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം. ചെന്നൈയിലെ ജോലിസ്ഥലത്തുനിന്ന് വരികയായിരുന്ന ആശ വിൻസിനെ റെയിൽവേ സ്‌റ്റേഷനിൽനിന്ന് കൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് മണ്ണാർക്കാട് റോഡിലേക്കു തിരിയുമ്പോൾ ഭാരം കയറ്റിവന്ന ലോറി ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.
ദേശീയ സംസ്ഥാന പാതകൾ സംഗമിക്കുന്ന മുണ്ടൂർ ജങ്ഷൻ നവീകരിച്ചതോടെ അപകടങ്ങളും പതിവായിരിക്കുകയാണ്. അശാസ്ത്രീയമായ ഗതാഗത ക്രമീകരണമാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് പരാതികൾ ഉയരുന്നുണ്ട്.