പാലക്കാട് ഉപതിരഞ്ഞെടുപ്പ്; എൻഡിഎ സ്ഥാനാർഥി ആരാകും? സാധ്യത ഇവർക്ക്

മണ്ണാർക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലേക്കുള്ള  ബിജെപി സ്ഥാനാർഥി സാധ്യത പട്ടികയിൽ  ശോഭാ സുരേന്ദ്രനും ഇടം നേടുമെന്ന്  സൂചന. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍, സന്ദീപ് ജി വാര്യര്‍, സി കൃഷ്ണകുമാര്‍ എന്നിവരില്‍ ആരെങ്കിലും ബിജെപി സ്ഥാനാര്‍ഥിയാകുമെന്നാണ് സംസാരം. ബിജെപി ഔദ്യോഗികമായി ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. എങ്കിലും സാധ്യതയുള്ള പേരുകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. കൂടുതല്‍ സാധ്യത ശോഭ സുരേന്ദ്രനാണ് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എവിടെ മല്‍സരിച്ചാലും വോട്ടുകൂട്ടുന്നതാണ് ശോഭാസുരേന്ദ്രന് കരുത്തായത്. ആലപ്പുഴയില്‍  ബി.ജെ.പിയുടെ പ്രതീക്ഷയ്ക്കപ്പുറം 11.08ശതമാനം വോട്ടുവിഹിതം കൂട്ടിയതാണ് ശോഭയ പരിഗണിക്കുന്നതിന് പ്രധാനകാരണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തും അതിന് മുമ്പ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലിലും ശോഭാസുരേന്ദ്രന്‍ വന്‍തോതില്‍ ബി.ജെ.പിയുടെ വോട്ടുവിഹിതം വര്‍ധിപ്പിച്ചിരുന്നു. ഇത്തവണ ശോഭ മത്സരിച്ചാൽ മണ്ഡലം പിടിക്കാനാകുമെന്ന് കരുതുന്നവർ പാർട്ടിയിലുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ നേട്ടം ഊർജമാകുമെന്നാണു പ്രതീക്ഷ. ലോക്സഭയില്‍ മല്‍സരിച്ച സി.കൃഷ്ണകുമാര്‍, യുവ നേതാവ് സന്ദീപ് വാരിയര്‍ എന്നിവരെയും പരിഗണിക്കുന്നുണ്ട്. ബി.ജെ.പി 24.26 ശതമാനം വോട്ടുനേടിയ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി.കൃഷ്ണകുമാര്‍ രണ്ടാംസ്ഥാനത്തെത്തിയ നിയമസഭാ മണ്ഡലമാണ് പാലക്കാട്.യു.ഡി.എഫ് 52779 വോട്ടുനേടിയപ്പോള്‍ ബി.ജെ.പിക്ക് 43072 വോട്ടാണ് ലഭിച്ചത്. യു.ഡി.എഫ് ലീഡ് 9707 വോട്ട്. 

പാലക്കാട് നഗരസഭയില്‍ 497 വോട്ടിന് എന്‍.ഡി.എ മുന്നിലുമായിരുന്നു. ഈ പശ്ചാത്തലത്തില്‍ ശോഭയെ രംഗത്തിറക്കിയാല്‍ പോരാട്ടം ശക്തമാകുമെന്നാണ് നിഗമനം. ഉപതിരഞ്ഞെടുപ്പുകൂടി മുന്‍കൂട്ടികണ്ടാണ് കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവര്‍ക്കുള്ള ബി.ജെ.പിയുടെ സംസ്ഥാനതല ഔദ്യോഗിക സ്വീകരണ വേദിയായി പാലക്കാട് നിശ്ചയിച്ചത്. അടുത്തമാസം അഞ്ചിന് വൈകുന്നേരമാണ് സ്വീകരണം. പരമാവധി ജനപങ്കാളിത്തം ലക്ഷ്യമിട്ട് വമ്പന്‍ പൊതുസമ്മേളത്തിനാണ് ഒരുങ്ങുന്നത്. മുതിര്‍ന്ന നേതാക്കളെയോ കേന്ദ്രമന്ത്രിമാരെയോ എത്തിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. ഇതോടെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനും തുടക്കമാകും.

2024 ലെ പാലക്കാട് നിയമസഭാമണ്ഡലം വോട്ടുനില  

വി.കെ. ശ്രീകണ്ഠൻ (യു.ഡി.എഫ്)-    52779
സി. കൃഷ്ണകുമാർ (ബി.ജെ.പി) -  43072
എ. വിജയരാഘവൻ (എല്‍.ഡി.എഫ്)-  34640

യു.ഡി.എഫ് ലീഡ്- 9707
Previous Post Next Post

نموذج الاتصال