പ്രിയങ്കയ്ക്ക് എന്തുകൊണ്ട് വയനാട്

2019ൽ അമേഠിയില്‍ ജനം കൈവിട്ടപ്പോള്‍ രാഹുലിന് കൈത്താങ്ങായത് വയനാടായിരുന്നു. കോണ്‍ഗ്രസ് ഒരിക്കലും തോല്‍വി അറിയാത്ത വയനാട് രാഹുലിനും ജയം സമ്മാനിച്ചു. ഏഴ് ലക്ഷത്തിലധികം വോട്ടായിരുന്നു രാഹുലിന് ലഭിച്ചത്. 4.31 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രാഹുലിനെ ലോക്‌സഭയിലേക്ക് വയനാട് അയച്ചത്. രാഹുല്‍ തരംഗത്തില്‍ അന്ന് ഇരുപതില്‍ 19 സീറ്റും യുഡിഎഫ് കേരളത്തില്‍ നിന്ന് നേടി.

ദക്ഷിണേന്ത്യയോട് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ക്ക് യൂസ് ആൻഡ് ത്രോ മനോഭാവമാണെന്ന ആക്ഷേപം എതിർപക്ഷം പലപ്പോഴും ഉയർത്തിയിട്ടുണ്ട്. വിജയിച്ചുകഴിഞ്ഞാല്‍ മണ്ഡലം ഉപേക്ഷിക്കാനാണ് സാധ്യതയെന്ന് തരത്തില്‍ പ്രചാരണങ്ങളുമുണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ അമേഠിയില്‍ പരാജയപ്പെട്ടതുകൊണ്ട് മാത്രമാണ് രാഹുലിന് വയനാട് ഉപേക്ഷിക്കേണ്ടതായി വരാതിരുന്നത്. ഇത്തരം ആക്ഷേപങ്ങള്‍ക്ക്കൂടി പ്രിയങ്കയിലൂടെ മറുപടി പറയുകയാണ് സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ കോണ്‍ഗ്രസ്.

എന്നാല്‍ 2024ല്‍ ദേശീയ നേതാവ് ആനി രാജയെയായിരുന്നു രാഹുലിന്റെ എതിർ സ്ഥാനാർഥിയായി സിപിഐ അവതരിപ്പിച്ചത്. 2019നേക്കാള്‍ അഞ്ച് ശതമാനം വോട്ട് കുറഞ്ഞെങ്കിലും രാഹുലിന്റെ വിജയത്തിന്റെ തിളക്കം കുറഞ്ഞില്ല. 3.64 ലക്ഷമായിരുന്നു ഭൂരിപക്ഷം. 6.47 ലക്ഷം വോട്ടാണ് രണ്ടാം അങ്കത്തില്‍ രാഹുലിന് ലഭിച്ചത്.

ലോക്‌സഭ തിരഞ്ഞെടുപ്പിലൂടെ ദേശീയ രാഷ്ട്രീയത്തില്‍ തിരിച്ചുവരവിന്റെ സൂചനകള്‍ കോണ്‍ഗ്രസ് നല്‍കി കഴിഞ്ഞു. 2019ല്‍ ഒരു സീറ്റിലൊതുങ്ങിയ യുപിയില്‍ ഉള്‍പ്പെടെ അത് പ്രകടമായി.

6.36 ശതമാനം വോട്ട് മാത്രമായിരുന്നു 2019ല്‍ കോണ്‍ഗ്രസിന് യുപിയിലുണ്ടായിരുന്നു. പാർട്ടിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം വോട്ട് വിഹിതം. റായ്‌ബറേലിയും അമേഠിയും മാത്രം ജയിച്ച 2014ല്‍ 7.53 ശതമാനമായിരുന്നു വോട്ട് വിഹിതം.

ഇത്തവണ യുപിയില്‍ 17 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ബാക്കി സീറ്റുകള്‍ ഇന്ത്യ സഖ്യത്തിലെ മറ്റ് പാർട്ടികള്‍ക്കു വിട്ടുകൊടുക്കുകയായിരുന്നു. ആറ് സീറ്റില്‍ വിജയിക്കുക മാത്രമല്ല വോട്ടുവിഹിതം 9.46 ശതമാനമാക്കി ഉയർത്താനും കോണ്‍ഗ്രസിന് സാധിച്ചു. സീറ്റ് ഉപേക്ഷിക്കാതിരുന്നതിലൂടെ കാറ്റ് അനുകൂലമാകുന്ന യുപിയില്‍ രാഹുലിലൂടെ കാലുറപ്പിച്ചേക്കുമെന്ന സന്ദേശം കോണ്‍ഗ്രസിന്റെ നീക്കം നല്‍കുന്നു.
Previous Post Next Post

نموذج الاتصال