1965ൽ കെ എസ് സേതുമാധവൻ്റെ ഓടയിൽ നിന്ന് എന്ന സിനിമയിൽ ബാലതാരമായാണ് സുരേഷ് ഗോപിയുടെ അരങ്ങേറ്റം. മലയാള സിനിമയിൽ ചെറു വേഷങ്ങളിലൂടെ ചുവടുവച്ച് പ്രശസ്തിയിലേക്ക് പടിപടിയായി ഉയർന്നു. പത്മരാജന്റെ "ഇന്നലെ" എന്ന സിനിമയിൽ വേഷം ചെറുതായിരുന്നെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടു
ഷാജി കൈലാസ്- രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ നായകനെന്ന നിലയിൽ സുരേഷ് ഗോപിയുടെ ഗ്രാഫ് ഉയർത്തി. ഷാജി കൈലാസിന്റെ തലസ്ഥാനത്തിലൂടെ നായകവേഷത്തിൽ ശ്രദ്ധേയനായത്. മണിച്ചിത്രത്താഴും കമ്മീഷണറും ലേലവും പത്രവുമൊക്കെ പണം വാരിയതിൽപ്പിന്നെ സുരേഷ് ഗോപിക്ക് തിരിഞ്ഞുനോക്കേണ്ടതായി വന്നിട്ടില്ല. കളിയാട്ടത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും സുരേഷ് ഗോപിയെ തേടിയെത്തി. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളെജ് പഠനകാലത്ത് എസ് എഫ് ഐയുടെ സജീവ പ്രവർത്തകനായിരുന്നു സുരേഷ് ഗോപി. സുവോളജിയിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി.
2016 ഏപ്രിലിൽ രാഷ്ട്രപതി സുരേഷ് ഗോപിയെ രാജ്യസഭാംഗമായി നിയമിച്ചു.. 2016 ഒക്ടോബറിൽ ബി ജെ പിയിൽ ചേർന്ന സുരേഷ് ഗോപി 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബി ജെ പി സ്ഥാനാർത്ഥിയായെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നും മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തു തന്നെയാണ് എത്തിയത്. 2024ൽ ശക്തമായ ത്രികോണമത്സരമെന്ന നിലയിൽ രാജ്യം ഉറ്റുനോക്കിയ തൃശ്ശൂരിൽ ബി.ജെ.പി.യുടെ സുരേഷ് ഗോപി നേടിയത് ആരേയും അമ്പരപ്പിക്കുന്ന ജയമായിരുന്നു. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം