തിരുവനന്തപുരം∙ ലോക്സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിൽ മന്ത്രിസ്ഥാനം രാജിവച്ച് കെ.രാധാകൃഷ്ണൻ. ക്ലിഫ് ഹൗസിലെത്തിയാണ് രാധാകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയന് രാജി സമർപ്പിച്ചത്. എംഎല്‍എ സ്ഥാനം രാജിവെച്ചു കൊണ്ടുള്ള രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറി. മന്ത്രിയായും എംഎല്‍എ ആയും തന്റെ ഉത്തരവാദിത്തം നിറവേറ്റിയതായും പാര്‍ലമെന്റിലും ഇത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ചേലക്കരയിലെയും ആലത്തൂരിലെയും ജനങ്ങളോട് കടപ്പാടുള്ളതായും അദ്ദേഹം പറഞ്ഞു. പകരം മന്ത്രിയെ പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലത്തൂരിൽ നിന്നാണ് രാധാകൃഷ്ണൻ എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്.
പട്ടിക വിഭാഗക്കാര്‍ താമസിക്കുന്ന മേഖലകളെ കോളനി, സങ്കേതം, ഊര് എന്നറിയപ്പെടുന്നത് മാറ്റാനുള്ള തീരുമാനത്തോടെയാണ് മന്ത്രി കെ.രാധകൃഷ്ണന്റെ പടിയിറക്കം. ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. കോളനി, സങ്കേതം, ഊര് എന്നീ പേരുകളില്‍ അഭിസംബോധന ചെയ്യുന്നത് അവമതിപ്പിന് കാരണമാകുന്നുവെന്ന് ഉത്തരവില്‍ പറയുന്നു. പേരുകള്‍ കാലാനുസൃതമായി മാറ്റണമെന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നഗര്‍, ഉന്നതി, പ്രകൃതി മുതലായ പേരുകളോ ഓരോ സ്ഥലത്തും പ്രാദേശികമായി താല്‍പര്യമുള്ള കാലാനുസൃതമായ പേരുകളോ തിരഞ്ഞെടുക്കാം. ഇത്തരം പ്രദേശങ്ങള്‍ക്ക് വ്യക്തികളുടെ പേരു നല്‍കുന്നത് തര്‍ക്കത്തിന് ഇടയാക്കുമെന്നതിനാല്‍ അത് ഒഴിവാക്കണമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ നിലവില്‍ വ്യക്തികളുടെ പേര് നല്‍കിയിട്ടുള്ള സ്ഥലങ്ങളില്‍ അതു തുടരാം.