കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.65 കോടി രൂപയുടെ കള്ളക്കടത്ത് സാധനങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി.മൂന്ന് യാത്രക്കാരില്‍നിന്നായി 1.3 കോടി രൂപ വിലവരുന്ന 1.84 കിലോഗ്രാം സ്വര്‍ണവും ഒരു യാത്രികനില്‍നിന്ന് 12 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസികളും അഞ്ചുപേരില്‍നിന്നായി 2.28 ലക്ഷം രൂപയുടെ വിദേശ നിര്‍മിത സിഗരറ്റുകളുമാണ് കണ്ടെടുത്തത്.
അല്‍ഐനില്‍നിന്ന് എത്തിയ മലപ്പുറം സ്വദേശിയില്‍നിന്ന് 62.04 ലക്ഷം രൂപയുടെ 885 ഗ്രാം സ്വര്‍ണവും റിയാദില്‍നിന്ന് എത്തിയ ഓമശ്ശേരി സ്വദേശിയില്‍നിന്ന് 52.33 ലക്ഷം രൂപ വില വരുന്ന 734 ഗ്രാം സ്വര്‍ണവും കണ്ടെത്തി.
ദുബൈയില്‍നിന്ന് എത്തിയ കൈതപ്പൊയില്‍ സ്വദേശിയുടെ സോക്‌സുകള്‍ക്കുള്ളില്‍നിന്ന് 220 ഗ്രാം സ്വര്‍ണം പിടികൂടി. മാല രൂപത്തിലാക്കി ഒളിപ്പിച്ചിരുന്ന സ്വര്‍ണത്തിന് 15.61 ലക്ഷം രൂപ വില വരും. മലപ്പുറം, ഓമശ്ശേരി സ്വദേശികളെ അറസ്റ്റ് ചെയ്തു. മതിയായ രേഖകളില്ലാതെ ദുബൈയിലേക്ക് കടത്താന്‍ ശ്രമിച്ച 12 ലക്ഷം രൂപ മൂല്യമുള്ള സൗദി റിയാലുകളും ഒരു യാത്രക്കാരനില്‍നിന്ന് കണ്ടെത്തി