മണ്ണാർക്കാട്:വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത അന്വേഷിച്ച് കണ്ടെത്തണമെന്നാവശ്യപ്പെട്ട് കെ.വി.വി.ഇ.എസ് മണ്ണാർക്കാട് യൂണിറ്റ് പോലീസിൽ പരാതി നൽകി. ഇക്കഴിഞ്ഞ മെയ് 29ന് രാത്രി മണ്ണാർക്കാട് കാവുണ്ടത്ത് ബിൽഡിങ്ങിൽ ആത്മഹത്യ ചെയ്ത ദിനേശ് എന്ന വ്യാപാരിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാണ് ആവശ്യം.
മരണത്തിൽ പല ദുരൂഹതകളും ഉള്ളതായി അറിയാൻ കഴിയുന്നതായി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. വലിയ തുകകൾ അദ്ദേഹം മരിച്ചദിവസം ചില അക്കൗണ്ടു കളിലേക്ക് ട്രാൻസ്‌ഫർ ചെയ്തതായി ബാങ്ക് രേഖകളിൽ കാണുന്നുണ്ടെന്നും ചില ഫോൺ നമ്പറുകളുമായി ബന്ധപ്പെട്ട് വ്യക്തമായ അന്വേഷണം വേണമെന്ന് മരിച്ചയാളുടെ ബന്ധുക്കളും ആവശ്യമുന്നയിച്ചിട്ടുള്ളതായും പരാതിയിലുണ്ട്. നിരവധി തട്ടിപ്പുകൾ നടക്കുന്ന ഇക്കാലത്ത് എന്തോ ഭീഷണി മൂലമാണ് ദിനേശ് ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടുള്ളത് എന്ന് ബലമായ സംശയങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അത് അന്വേഷിച്ച് കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. യൂണിറ്റ് പ്രസിഡൻ്റ് രമേഷ് പൂർണ്ണിമ, ജന:സെക്രട്ടറി സജി ജനത, ഡേവിസൺ, ഷമിർ യൂണിയൻ, കൃഷ്ണദാസ്, ഷമീർ വികെഎച്ച്, സിബി തുടങ്ങിയവർ പങ്കെടുത്തു.