വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ കുതിരാൻ ഇടതുതുരങ്കത്തിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായെങ്കിലും സുരക്ഷാപരിശോധന നടക്കാത്തതിനാൽ തുരങ്കം ഗതാഗതത്തിനായി തുറന്നില്ല. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകാനുതകുന്ന തുരങ്കപാതയാണ് തുറക്കാനുള്ളത്
നടപടികൾ പൂർത്തിയാക്കി ഇന്നലെ തുറക്കുമെന്നാണ് കരാർ കമ്പനി അറിയിച്ചിരുന്നത്. ഉൾവശം കോൺക്രീറ്റ് ചെയ്യുന്നതിനാണ് തുരങ്കം അടച്ചത്. ജോലികൾ നടക്കുന്ന ഘട്ടത്തിൽ ദേശീയപാതാ അതോറിറ്റി പരിശോധന നടത്തിയിരുന്നെങ്കിലും പണി പൂർത്തിയായശേഷം പരിശോധന നടത്തിയിട്ടില്ല.
റീജണൽ മാനേജരുടെ നേതൃത്വത്തിൽ പരിശോധന നടക്കുമെന്ന് ദേശീയപാതാ അതോറിറ്റി പറഞ്ഞു. കോൺക്രീറ്റ് ചെയ്യുന്നതിനായി അഴിച്ചുമാറ്റിയ അഗ്നിരക്ഷാ സംവിധാനങ്ങൾ പുനഃസ്ഥാപിച്ചെങ്കിലും അഗ്നിരക്ഷാസേനയുടെ പരിശോധനയും നടക്കേണ്ടതുണ്ട്.
രണ്ട് ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി തുരങ്കം ഗതാഗത്തിനായി തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.