പ്രേക്ഷകർ കാത്തിരിക്കുന്ന രണ്ട് സിനിമകളുടെ ട്രെയ്ലറുകൾ ഇന്ന് പുറത്ത് വന്നു. ഒന്ന് മാസ് ആണെങ്കിൽ മറ്റേത് മിസ്റ്ററി ആണെന്നാണ് ട്രെയ്ലറുകൾ നൽകുന്ന സൂചന.
'കല്‍ക്കി 2898 എ ഡി'
ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു സിനിമാറ്റിക് എക്സ്പീരിയന്‍സ് ആയിരിക്കും 'കല്‍ക്കി 2898 എ ഡി' എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. വൈജയന്തി മൂവീസിന്റെ ബാനറില്‍ നാഗ് അശ്വിന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ജൂണ്‍ 27നാണ് റിലീസ് ചെയ്യുന്നത്.
മലയാളത്തിന്റെ ശോഭനയും അന്ന ബെന്നും കൽക്കിയിൽ വേഷമിടുന്നുണ്ട്. വലിയ താരനിര തന്നെ ഭാഗമാകുന്ന സിനിമയിൽ കമൽഹാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയിൽ നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. സിനിമയ്ക്കായി കമൽ ഡബ്ബ് ചെയ്യാനെത്തിയ വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം തമിഴകത്ത് നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.
ഉള്ളൊഴുക്ക്
ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തില്‍ ഉര്‍വശിയും പാര്‍വതിയും ഒന്നിക്കുന്ന 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മുന്‍പ് പുറത്തിറങ്ങിയ ട്രെയിലര്‍ പോലെതന്നെ ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ച, എന്നാല്‍ പ്രേക്ഷകരെ വൈകാരികമായി പിടിച്ചുകുലുക്കാന്‍ കെല്‍പ്പുള്ള ചിത്രമായിരിക്കും ഉള്ളൊഴുക്ക് എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ഏറെ ശ്രദ്ധ നേടിയ 'കറി& സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ജൂണ്‍ 21-നാണ് ചിത്രം തീയറ്ററുകളിലെത്തുക