കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരുക്ക്. അഗളി കൂടൻചാള ഊരിലെ ഈശ്വരനാണ്(34)പരിക്കേറ്റത്. ഞായറാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് ഊരിലേക്ക് വരികയായിരുന്ന ഈശ്വരൻ ഇരുട്ടത്ത് കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. അടുത്തെത്തിയ ആന ഈശ്വരനെ തുമ്പിക്കൈ കൊണ്ട് അടിച്ചു. അടിയേറ്റ യുവാവ് തെറിച്ചു വീണു. ചിന്നം വിളിച്ച് പാഞ്ഞടുത്ത ആനയിൽ നിന്നും 200 മീറ്റർ അകലെയുള്ള വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. ഊരുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആർആർടി സ്ഥലത്തെത്തി ആനയെ ജനവാസ മേഖലയിൽ നിന്നും തിരിച്ച് കയറ്റി. ഇവർ തന്നെയാണ് ഈശ്വരനെ കോട്ടത്തറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയിൽ വാരിയെല്ലിനും പല്ലിനും പൊട്ടലുള്ളതായി ഡോക്ടർമാർ പറഞ്ഞു.