പാലക്കാട്: ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച് സ്വർണക്കവർച്ച പതിവാക്കിയ യുവാവിനെ പാലക്കാട് കസബ പൊലീസ് പിന്തുടർന്ന് പിടികൂടി. മായാവി എന്നറിയപ്പെടുന്ന ഒറ്റപ്പാലം വാണിയംകുളം സ്വദേശി വെങ്കിടേഷാണ് പിടിയിലായത്. പാലക്കാട് ചന്ദ്രനഗറിൽ റോഡരികിൽ ഹെൽമറ്റ് വിൽപ്പന നടത്തുന്നയാളുടെ സ്കൂട്ടർ കവർന്ന കേസിലായിരുന്നു പൊലീസിന്റെ അതിവേഗ ഇടപെടൽ.
മോഷണം നടത്തിയ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച് സ്വർണക്കവർച്ച നടത്തുകയാണ് ഇയാളുടെ പതിവ്. സ്കൂട്ടർ മോഷണം നടത്തിയ ശേഷം ശ്രദ്ധിക്കാത്ത ഭാഗങ്ങളിൽ മാറ്റി വയ്ക്കും. അടുത്ത ദിവസം നേരത്തെ നിരീക്ഷിച്ച് ഉറപ്പാക്കിയ ചെറിയ സ്വർണ്ണക്കടയുടെ അടുത്തെത്തും. വാതിൽ തുറന്ന് ഡിസ്പ്ലേക്കായി വയ്ക്കുന്ന സ്വർണ്ണമാല എടുത്ത് വേഗത്തിൽ വാഹനത്തിൽ രക്ഷപ്പെടും. കഴിഞ്ഞ നാല് മാസമായി സമാന രീതിയിൽ ഇരുചക്ര വാഹനം കട്ടെടുത്ത ശേഷം സ്വർണ്ണക്കടയിൽ കവർച്ച നടത്തി രക്ഷപ്പെടുന്നതായിരുന്നു ശീലം. ഒറ്റപ്പാലം ,പഴയന്നൂർ, പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനുകളിൽ ഇത്തരത്തിലുള്ള കവർച്ചയ്ക്ക് മായാവി വെങ്കിടേഷിനെതിരെ കേസെടുത്തിട്ടുണ്ട്.
മുഖം മാസ്ക് ധരിച്ച് ഹെൽമെറ്റ് അഴിക്കാതെയുമാണ് കളവിനെത്തുന്നത്. വീണ്ടും ഒരു സ്വർണ്ണക്കട നോക്കി വച്ച ശേഷം കളവിനായി വരുന്ന സമയത്താണ് പ്രതിയെ കസബ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. ഓൺലൈൻ ഗെയിം കളിച്ച് ലക്ഷങ്ങൾ നഷ്ടമായപ്പോൾ തോന്നിയതാണ് മോഷണമെന്ന് പ്രതി സമ്മതിച്ചു. കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. കഴിഞ്ഞദിവസം പാലക്കാട് സൗത്ത് സ്റ്റേഷൻ പരിധിയിലെ സുൽത്താൻപേട്ട ഭാഗത്ത് പ്രവർത്തിക്കുന്ന ശ്രീരാജ് ജ്വല്ലറിയിൽ നിന്ന് മോഷ്ടിച്ച മാലയും പ്രതിയുടെ കയ്യിൽ നിന്നും ലഭിച്ചിട്ടുണ്ട്. മോഷണം നടത്തിയ സ്കൂട്ടറും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ വെങ്കിടേഷിനെ റിമാൻഡ് ചെയ്തു