ഷാഫി പറമ്പിൽ എംഎൽഎ സ്ഥാനം രാജിവച്ചു; പാലക്കാട് പകരക്കാരനാര്

തിരുവനന്തപുരം: വടകരയിൽ നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലം എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കർ എ.എൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി സമർപ്പിച്ചത്. 

പാർലമെന്റിലേക്ക് പോകുമ്പോൾ നിയമസഭയിലെ അനുഭവം കരുത്താകുമെന്ന് രാജിവെച്ച ശേഷം ഷാഫി പറമ്പിൽ പ്രതികരിച്ചു. പോയി തോറ്റിട്ട് വാ എന്ന് പറഞ്ഞല്ല പാലക്കാട്ടുകാർ തന്നെ വടകരക്ക് അയച്ചതെന്നും ഉപതെരഞ്ഞെടുപ്പിലും ആ രാഷ്ട്രീയ ബോധ്യം പാലക്കാട്ടുകാർക്ക് ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു

കഴിഞ്ഞ മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ.ശ്രീധരനെ ഇറക്കി ബിജെപി കളം നിറഞ്ഞപ്പോൾ ഷാഫി പറമ്പിൽ ജയിച്ചത് 3859 വോട്ടിനാണ്.

ഷാഫി പറമ്പിൽ വടകരയിൽ മത്സരിക്കാൻ വണ്ടി കയറിയപ്പോൾ തന്നെ പാലക്കാട് പകരക്കാരനാര് എന്ന ചർച്ചകൾ സജീവമായി ഉയർന്നിരുന്നു. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ ഈ  മൂന്ന് മുന്നണികളും സ്ഥാനാർഥി ചർച്ചകളിലേക്ക് കടന്നിട്ടില്ലെങ്കിലും. യുഡിഎഫിന് വേണ്ടി മത്സരിക്കാൻ സാധ്യതയുള്ള ലിസ്റ്റിൽ മുന്നിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, വി.ടി ബൽറാം എന്നിവരുടെ പേരുകളാണെന്നാണ് അറിയാൻ കഴിയുന്നത്. എൽഡിഎഫിന് വേണ്ടി എം.സ്വരാജ് ഇറങ്ങുമോ എന്ന ചോദ്യം അന്തരീക്ഷത്തിൽ ഉയരുന്നുണ്ട്. ബിജെപിയും നല്ലൊരു സ്ഥാനാർഥിയെ ഇറക്കി നിയമസഭയിൽ നഷ്ടമായ പ്രാതിനിധ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.
Previous Post Next Post

نموذج الاتصال